രണ്ട് മണിക്കൂറിൽ വായ്പ ലഭിക്കുമെന്ന്; തട്ടിപ്പിൽ നഷ്ടമായത് 90,000 രൂപ
text_fieldsമുംബൈ: രണ്ട് മണിക്കൂറിനുള്ളിൽ വായ്പ ലഭിക്കുമെന്ന വാഗ്ദാനത്തിൽ ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 90,000 രൂപ. നവി മുംബൈയിൽ ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന 56 കാരനാണ് തട്ടിപ്പിൽ കുടുങ്ങിയത്. മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്നതിനായി ഇയാൾ വായ്പ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടതെന്നും തുടർന്ന് ഫിനാൻസ് കമ്പനിയിൽ ഓൺലൈനായി ലോണിന് അപേക്ഷിച്ചതായിരുന്നെന്നും ഇയാൾ വ്യക്തമാക്കി.
മിനിറ്റുകൾക്കകം കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്ന് ഒരു കോൾ ലഭിക്കുകയും ലോൺ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇൻഷുറൻസ് ചാർജുകൾ, ജി.എസ്.ടി, എൻ.ഒ.സി ചാർജുകൾ, ആർ.ബി.ഐ ചാർജുകൾ, രണ്ട് അഡ്വാൻസ് ഇൻസ്‌റ്റാൾമെന്റുകൾ എന്നിവ ഉൾപ്പെടെ വിവിധ ചാർജുകൾ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആകെ 90,000 രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്.
ഓഫർ നിയമാനുസൃതമാണെന്ന് വിശ്വസിച്ച് ഇയാൾ ചാർജുകൾ അടച്ചെങ്കിലും ഇയാൾക്ക് വായ്പ തുക ലഭിച്ചില്ല. കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അധിക പേയ്‌മെന്റുകൾ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ഇയാൾ പൊലീസിൽ പരാതി നൽകി. ഐ.പി.സി, ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും സെക്ഷൻ 420 (വഞ്ചന) പ്രകാരമുള്ള കുറ്റമാണ് ശനിയാഴ്ച കലംബോലി പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.