ഒരു മാസത്തിനിടെ മൂന്നു കോടി പോസ്റ്റുകൾ നീക്കി ഫേസ്ബുക്ക്; ഇൻസ്റ്റഗ്രാം നീക്കിയത് 20 ലക്ഷം: കാരണമിതാണ്
text_fieldsന്യൂഡൽഹി: ഒരു മാസത്തിനിടെ വിദ്വേഷകരമായ ഉള്ളടക്കം കണ്ടെത്തിയ മൂന്നു കോടി പോസ്റ്റുകൾ നീക്കിയതായി ഫേസ്ബുക് കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇന്ത്യയുടെ പുതിയ വിവര സാങ്കേതികവിദ്യ നിയമത്തിെൻറ ഭാഗമായി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് 15നും ജൂൺ 15നും ഇടയിൽ 10 വിഭാഗങ്ങളിലായി നിയമാവലി ലംഘിച്ച പോസ്റ്റുകൾക്കെതിരെയാണ് ഫേസ്ബുക് നടപടിയെടുത്തത്.
ഒമ്പത് വിഭാഗങ്ങളിലായി 20 ലക്ഷം പോസ്റ്റുകൾ നീക്കിയതായി ഇൻസ്റ്റഗ്രാമും അറിയിച്ചു. അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയാണ് മിനിമം നിലവാരം പുലർത്താത്ത ഫോട്ടോ, വിഡിയോ, കമൻറ് എന്നിവ നീക്കം ചെയ്തത്. ഈ വർഷം ഏപ്രിലിൽ ഗൂഗ്ൾ, യുട്യൂബ് പ്ലാറ്റ്ഫോമുകളിലായി ഇന്ത്യയിൽ നിന്ന് 27,762 പരാതികൾ ലഭിച്ചതായി ഗൂഗ്ൾ അറിയിച്ചു. പ്രാദേശിക നിയമങ്ങളും വ്യക്തിപരമായ അവകാശങ്ങളും ലംഘിച്ചുവെന്ന് പരാതി ഉയർന്ന 59,350 പോസ്റ്റുകളും ഗൂഗ്ൾ നീക്കിയിട്ടുണ്ട്. 54,235 പോസ്റ്റുകൾക്കെതിരെയാണ് 'കൂ' നടപടിയെടുത്ത്. ജൂണിൽ 5,502 പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചതായി കൂ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
50 ലക്ഷം ഉപയോക്താക്കളുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ മാസന്തോറും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ ഐ.ടി ചട്ടത്തിലെ പ്രധാന നിബന്ധന. അതോടൊപ്പം പരാതി പരിഹാരത്തിന് ഇന്ത്യയിൽ പ്രത്യേക ഓഫിസറെ നിയമിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങൾ ഇതിന് വിസമ്മതിച്ചതോടെ മൂന്നാം കക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളുടെ നിയമപരമായ ബാധ്യതയിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമപരിരക്ഷ സർക്കാർ പിൻവലിച്ചു. ഇതോടെ പുതിയ ഐ.ടി ചട്ടങ്ങളോട് സഹകരിക്കാൻ സമൂഹ മാധ്യമങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രധാന വിപണിയാണ് ഇന്ത്യ.
അതേസമയം, ഇന്ത്യയുടെ പുതിയ ഐ.ടി നിയമം സുതാര്യതയിലേക്കുള്ള വലിയ കാൽവെപ്പാണെന്ന് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഉപഭോക്താക്കളുടെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് മാസന്തോറും റിപ്പോർട്ട് സമർപ്പിക്കണെമന്ന നിയമം പാലിച്ച സമൂഹ മാധ്യമങ്ങളുടെ നടപടി ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.