മുസ്ലിംവിരുദ്ധ പരാമർശം; ഫേസ്ബുക് ഇന്ത്യ എക്സിക്യൂട്ടീവ് മാപ്പുപറഞ്ഞു
text_fieldsന്യൂഡൽഹി: മുസ്ലിം വിരുദ്ധപരാമർശത്തിൽ ഫേസ്ബുക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അങ്കി ദാസ് മാപ്പുപറഞ്ഞു. തൻെറ ഫേസ്ബുക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ മുസ്ലീംകളെ 'അധപതിച്ച സമുദായം' എന്നുവിളിച്ചിരുന്നു.
സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരായി ഒരു റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം ഷെയർ ചെയ്തതാണ് അങ്കി ദാസിനെ വെട്ടിലാക്കിയത്. തെൻെറ ഫേസ്ബുക് പോസ്റ്റ് ഇസ്ലാമിനെ അപകീർത്തിപ്പെടുത്താനുള്ളതായിരുന്നില്ല. ഫെമിനിസത്തെക്കുറിച്ചും പൗരധർമ്മത്തെക്കുറിച്ചുമുളള തൻെറ വിശ്വാസം പങ്കുവെച്ചതാണ്. ഇതിനെതിരായുള്ള എല്ലാ പ്രതികരണങ്ങളെയും താൻ മാനിക്കുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഖേദപ്രകടനം നടത്തുന്നു - അങ്കി ദാസ് പറഞ്ഞായി ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസും ചേർന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയുമാണ്. ഫേസ്ബുക്കിനെ കുറിച്ചുള്ള സത്യം അമേരിക്കൻ മാധ്യമങ്ങൾ തുറന്നുകാട്ടിയതായും രാഹുൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാൻ അങ്കി ദാസ് ശ്രമിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്ക് ഉദ്യോഗസ്ഥ അങ്കി തടഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.