ക്രിമിനലുകളെ തിരിച്ചറിയും കാമറ; ബംഗളൂരു പൊലീസിന്‍റെ കാമറയിൽ പതിഞ്ഞത് രണ്ടര ലക്ഷം കുറ്റവാളികൾ, 10 അറസ്റ്റ്
text_fieldsബംഗളൂരു: മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ കാമറകൾ സ്ഥാപിച്ചപ്പോൾ ബംഗളൂരു പൊലീസ് തിരിച്ചറിഞ്ഞത് 90 ദിവസത്തിനിടെ രണ്ടരലക്ഷം ക്രിമിനലുകളെ. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സേഫ് സിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് നഗരത്തിലെ വിവിധയിടങ്ങളിൽ മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച കാമറകൾ സ്ഥാപിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ എ.ഐ സാങ്കേതികത ഉൾപ്പെടുത്തിയ കാമറകൾ സ്ഥാപിച്ചത്. ഈ കാമറകൾ മുന്നിലൂടെ സഞ്ചരിക്കുന്ന ഓരോ ആളുടെയും മുഖം പകർത്തി പൊലീസ് കമാൻഡ് സെന്‍ററിലേക്ക് അയക്കും. ഇവിടെനിന്ന് ഈ ദൃശ്യങ്ങൾ ഫേഷ്യൽ റെകഗ്നിഷൻ സോഫ്റ്റ്‌വെയറിലൂടെ (മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ) പരിശോധിക്കും. ഈ മുഖങ്ങളും പൊലീസിന്‍റെ ക്രിമിനൽ ഡാറ്റാബേസിലെ മുഖങ്ങളും തമ്മിൽ ഒത്തുനോക്കിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്.
രണ്ട് മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതെന്ന് പൊലീസ് കമീഷണർ ബി. ദയാനന്ദ വിശദീകരിച്ചു. ഇതിന് ശേഷം ഏറ്റവും ഫലപ്രദമെന്ന് കാണുന്ന ഒരു സോഫ്റ്റ്‌വെയർ സ്ഥിരം സംവിധാനമായി ഉപയോഗിക്കും.
നിലവിൽ 75 മുതൽ 80 ശതമാനം വരെയാണ് മുഖങ്ങൾ ഒത്തുനോക്കുന്നതിലെ കൃത്യത. ഇത് മെഷീൻ ലേണിങ് സാങ്കേതിവിദ്യയിലൂടെ 99 ശതമാനം വരെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമീഷണർ പറഞ്ഞു.
7500 കാമറകളുടെ നിരീക്ഷണം
7500 കാമറകളാണ് സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി ബംഗളൂരു നഗരത്തിലുടനീളം സ്ഥാപിച്ചത്. ഇതിൽ 1000 കാമറകളാണ് മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ചത്. ഈ കാമറകൾ തത്സമയ ദൃശ്യങ്ങൾ കമാൻഡ് സെന്‍ററിലേക്ക് അയക്കും. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ കാമറയിൽ വരുമ്പോൾ പൊലീസ് റെക്കോഡിലെ മുഖദൃശ്യങ്ങളുമായി ഒത്തുനോക്കി സോഫ്റ്റ്‌വെയർ ഇവരെ തിരിച്ചറിയും. കാണാതായ ആളുകളെ കണ്ടെത്തുന്നതിനും ഈ കാമറകൾ പ്രയോജനപ്പെടുമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.