മഴ പെയ്തപ്പോൾ ആശുപത്രി ഇരുട്ടിൽ; മൊബൈൽ വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് യു.പിയിലെ ഡോക്ടർമാർ
text_fieldsലഖ്നോ: യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിൽ പവർകട്ടിനെ തുടർന്ന് ആശുപത്രി ഇരുട്ടിലായി. ഇരുട്ടിലായ ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് ബലിയ ജില്ലയിലെ ആശുപത്രിയിലാണ് വൈദ്യുതി മുടങ്ങിയത്. രോഗികൾ ഒരു മണിക്കൂറിലധികം മൊബൈൽ ടോർച്ച് ലൈറ്റിന് കീഴിൽ ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിരവധി ആളുകൾ ഒരു സ്ത്രീയെ സ്ട്രെച്ചറിൽ കൊണ്ടുവരുന്നതും ഡോക്ടർ അവരെ പരിശോധിക്കുമ്പോൾ ഒരാൾ മൊബൈലിൽ ലെറ്റ് തെളിയിച്ച് പിടിക്കുന്നതും വിഡിയോയിലുണ്ട്. ചുറ്റും നിറഞ്ഞ ഇരുട്ടിൽ രോഗികൾ ഇരിക്കുന്നതും കാണാം.
ജനറേറ്ററിന്റെ ബാറ്ററികൾ ലഭിക്കാൻ 15-20 മിനിറ്റോളം തടസ്സമുണ്ടായി എന്നും അതാണ് ആശുപത്രി ഇരുട്ടിലാകാൻ ഇടയാക്കിയതെന്ന് ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനും ചീഫ് ഇൻ ചാർജുമായ ഡോ.ആർ.ഡി.റാം പറഞ്ഞു.
ആശുപത്രിയിൽ കറന്റ് പോകുമ്പോൾ പ്രവർത്തിക്കാൻ ജനറേറ്റർ ഉണ്ടെന്നും എന്നാൽ ബാറ്ററികൾ ലഭിക്കാൻ സമയമെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറേറ്ററിൽ ബാറ്ററി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, ബാറ്ററികൾ മോഷണം പോകാൻ എപ്പോഴും സാധ്യതയുണ്ട്. അതിനാൽ മാറ്റിവെക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.