FACT CHECK: സമാധാന നൊബേലിന് മോദിയെ പരിഗണിക്കുന്നെന്ന വാർത്ത വ്യാജം
text_fieldsന്യൂഡൽഹി: സമാധാന നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും വലിയ സ്ഥാനാർഥിയെന്ന വാർത്ത വ്യാജം. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലേ തോജെയെ ഉദ്ധരിച്ച് ടൈംസ് നൗ ആയിരുന്നു പ്രസ്തുത വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് മറ്റുമാധ്യമങ്ങൾ അതേറ്റുപിടിച്ചു. എന്നാൽ, താൻ അങ്ങനെ അഭിപ്രായപ്പെട്ടിട്ടേ ഇല്ലെന്നും അത് വ്യാജവാർത്തയാണെന്നും വിശദീകരിച്ച് അസ്ലേ തോജെ തന്നെ രംഗത്തുവന്നു. വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ എഡിറ്റർ മുഹമ്മദ് സുബൈർ അസ്ലേയുടെ നിഷേധ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നൊബേൽ സമ്മാന സമിതിയുടെ ഉപനേതാവ് അസ്ലേ തോജെ പറഞ്ഞതായി വ്യാഴാഴ്ചയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പന്നവും സ്വാധീന ശക്തിയുള്ളതുമായി മാറുകയാണെന്ന് ടോജെ പറഞ്ഞിരുന്നു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്.
"ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യയെ ഓർമ്മിപ്പിക്കാനുള്ള ഇന്ത്യയുടെ ഇടപെടൽ വളരെ സഹായകരമായിരുന്നു. ഇന്ത്യ ഉച്ചത്തിൽ സംസാരിച്ചില്ല, ആരെയും ഭീഷണിപ്പെടുത്തിയില്ല, പകരം തങ്ങളുടെ നിലപാട് സൗഹാർദ്ദപരമായ രീതിയിൽ അറിയിച്ചു. ഇന്ത്യ മനുഷ്യരാശിയുടെ പ്രതീക്ഷകളിലൊന്നാണ്. ആഴത്തിലുള്ള ദാർശനിക ഉൾക്കാഴ്ചകളും സമാധാനപരമായ മതങ്ങളും ഉള്ള, പുരാതന ചരിത്രമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇത് ഇന്ത്യൻ സർക്കാരിലേക്ക് സ്വാംശീകരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ ശക്തി കൂടുകയാണ്. ഇന്ത്യയെ മുൻകാലങ്ങളേക്കാൾ ഗൗരവത്തോടെയാണ് ഇപ്പോൾ കാണുന്നത്. ചൈനയും ഇന്ത്യയും അടുത്ത വൻശക്തികളാകാൻ പോകുന്നു’ -എന്നായിരുന്നു പരാമർശം.
ഇതിന്റെ കൂടെയാണ് ഇത്തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി മോദിയാണെന്ന് മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, റിപ്പോർട്ടുകളിലെ അവകാശവാദങ്ങൾ നിഷേധിച്ച് തോജെ തന്നെ രംഗത്തുവന്നു. ‘ഈ വാര്‍ത്ത വ്യാജമാണ്. ഇതിന് ആരും ഓക്‌സിജനും ഊര്‍ജവും നല്‍കരുത്’ -അദ്ദേഹം പറഞ്ഞു. "ഒരു വ്യാജ വാർത്താ ട്വീറ്റ് കണ്ടു. അത് വ്യാജ വാർത്തയായിതന്നെ കണക്കാക്കണം. വ്യാജമാണ്, അത് ചർച്ച ചെയ്യരുത്, അതിന് ഊർജമോ ഓക്‌സിജനോ നൽകരുത്. ആ ട്വീറ്റിൽ ഉള്ളത് പോലെ എന്തെങ്കിലും ഞാൻ പറഞ്ഞിട്ടില്ല" -മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്ത വിഡിയോയിൽ തോജെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.