‘ഹിന്ദു പെൺകുട്ടിയുമായി വരുന്ന മുസ്‍ലിംകൾക്ക് 50% ഡിസ്കൗണ്ട്’ -വിദ്വേഷം പരത്താൻ ‘ഡിസ്കൗണ്ട് ജിഹാദു’മായി ഹിന്ദുത്വ വ്യാജ പ്രചാരണം
text_fieldsബംഗളൂരു: സമൂഹത്തിൽ ഭിന്നിപ്പ് രൂക്ഷമാക്കാൻ സംഘ് പരിവാർ അനുകൂല തീവ്രഹിന്ദുത്വ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് പുതുമയുള്ള കാര്യമല്ല. ആഘോഷവേളകളിലും ദുരന്തങ്ങളിലും എന്നുവേണ്ട മനുഷ്യർ ഒരുമിക്കുന്ന എല്ലാ രംഗങ്ങളിലും ഇവർ വിദ്വേഷത്തിനുള്ള പഴുത് വ്യാജ പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇപ്പോൾ, കർണാടകയിലെ സി.എം.ആർ ഷോപ്പിങ് മാളിന്റെ ഒരു പരസ്യ ബോർഡിനെ ചൊല്ലിയാണ് പ്രചാരണം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു പെൺകുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്‍ലിം യുവാക്കൾക്ക് മാൾ 10% മുതൽ 50% വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുവെന്നാണ് സംഘ്പരിവാർ അനുകുല അക്കൗണ്ടുകളുടെ കള്ളപ്രചാരണം.
2019 ജൂൺ 3ന് ഷെഫാലി വൈദ്യ എന്ന അക്കൗണ്ട് ഈ പരസ്യ ബോർഡ് പോസ്റ്റ് ചെയ്തിരുന്നു. പരസ്യ ചിത്രത്തിൽ ഹിന്ദു സ്ത്രീയെ കാണിച്ചു എന്നാരോപിച്ചായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിൽ ‘ഡിസ്കൗണ്ട് ജിഹാദ്’ പരാമർശിച്ചിരുന്നില്ല. എന്നാൽ, ഈയടുത്താണ് അതിലെ വാക്കുകൾ എഡിറ്റ് ചെയ്ത് ‘ഹിന്ദു പെൺകുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്‍ലിം യുവാക്കൾക്ക് മാൾ 10% മുതൽ 50% വരെ ഡിസ്കൗണ്ട്’ എന്ന് കൂട്ടിേച്ചർത്തത്.
റമദാനിൽ 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്ന പരസ്യബോർഡാണ് വ്യാജപ്രചാരണത്തിന് കരുവാക്കിയത്. മേയ് 20 മുതൽ ജൂൺ അഞ്ച് വരെ ഇളവ് ലഭിക്കുമെന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. ഹിന്ദു, മുസ്‍ലിം പരാമർശമൊന്നും ഇതിലുണ്ടായിരുന്നില്ല. സെക്കന്തരാബാദിലുള്ള സി.എം.ആർ. ഷോപ്പിങ് മാൾ 2019-ൽ റമദാന്‍ സമയത്ത് സ്ഥാപിച്ച പരസ്യ ബോർഡാണിത്.
പരസ്യമോഡലായി ഹിന്ദു യുവതിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധം ഉയർത്തിയപ്പോൾ 2019 മെയ് 31ന് ഫേസ്ബുക്ക് പേജിൽ സി.എം.ആർ ഷോപ്പിങ് മാൾ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താനോ ചേരിതിരിവ് സൃഷ്ടിക്കാനോ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും എല്ലാ മതങ്ങളെയും ഒരുപോലെ പിന്തുണയ്ക്കുകയും പക്ഷപാതമില്ലാതെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവർ കുറിപ്പിൽ പറഞ്ഞു. എല്ലാ ഹോർഡിംഗുകളും നീക്കം ചെയ്യുന്നുവെന്നും ക്ഷമാപണം നടത്തുന്ന കുറിപ്പിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.