ആന്ധ്രയിലെ രാമക്ഷേത്രം ക്രിസ്ത്യാനികൾ കൈയേറിയോ; സത്യമറിയാം
text_fieldsക്രിസ്ത്യൻ പുരോഹിതനായ പാസ്റ്റർ രാമക്ഷേത്രം "നിയമവിരുദ്ധമായി" കൈവശപ്പെടുത്തി അവിടെ പ്രാർത്ഥനായോഗം നടത്തിയെന്ന് കുറച്ചുനാളായി ആന്ധ്രയിലെ നിരവധി ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വിവരമാണ്. ഇത് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ച വാർത്ത ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി പൊലീസ് നിഷേധിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച യഥാർഥ വസ്തുത 'ദി ന്യൂസ് മിനുട്ട്' റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ഗോദാവരി ജില്ലയിലെ പാമർരു മണ്ഡലത്തിലെ കെ. ഗംഗാവാരം ഗ്രാമത്തിൽ പൂട്ടിക്കിടക്കുന്ന രാമക്ഷേത്രത്തോട് ചേർന്ന് നടക്കുന്ന പ്രാർത്ഥനാ യോഗത്തിന്റെ വീഡിയോ നിരവധി ബി.ജെ.പി നേതാക്കൾ പങ്കുവെച്ചിരുന്നു. ക്ഷേത്രം അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആന്ധ്രാപ്രദേശിൽ രാമദേവനെ അവഹേളിച്ചുവെന്നും പരാതിപ്പെട്ടാണ് വീഡിയോ പങ്കുവെച്ചത്.
ഈ വാർത്ത തെറ്റാണെന്ന് ഈസ്റ്റ് ഗോദാവരി പൊലീസ് സൂപ്രണ്ട് എം. രവീന്ദ്രനാഥ് ബാബു പറഞ്ഞു. പ്രാർത്ഥനായോഗം സംഘടിപ്പിച്ച സ്ത്രീയും മകനും തമ്മിലുള്ള കുടുംബ തർക്കമാണ് പ്രശ്നങ്ങൾ വഷളാക്കിയതെനുനം പൊലീസ് അറിയിച്ചു. രാമക്ഷേത്രത്തിനോട് ചേർന്നുള്ള തന്റെ വീടിന് മുന്നിലുള്ള റോഡിൽ മങ്കയമ്മ എന്ന സ്ത്രീ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിരുന്നതായി പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ക്ഷേത്രത്തിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. പ്രാദേശിക ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ തർക്കങ്ങളൊന്നുമില്ല. ഗ്രാമത്തിലെ രണ്ട് സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദപരമായാണ് ജീവിച്ചുപോരുന്നത്. മാർച്ച് 30 ബുധനാഴ്ച പ്രാർത്ഥന നടക്കുമ്പോൾ, കാക്കിനാഡയിൽ താമസിക്കുന്ന മങ്കയമ്മയുടെ മൂത്ത മകൻ ശ്രീനിവാസ് സ്ഥലത്തെത്തി. പ്രാർത്ഥനാ യോഗങ്ങൾക്കായി വൻതുക ചെലവഴിക്കുന്നുവെന്ന് പറഞ്ഞ് അമ്മയോട് ഇയാൾ വഴക്കിടാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു.
ഇതേത്തുടർന്ന് മങ്കയമ്മ ഉൾപ്പെടെയുള്ളവർ പാമർരു പൊലീസിനെ സമീപിച്ചു. അതേ ഗ്രാമത്തിൽ താമസിക്കുന്ന ശ്രീനിവാസിന്റെ ബന്ധുവായ വെങ്കട രമണ പൊലീസിനെ വിളിച്ചതിനെ എതിർത്തു. മാത്രമല്ല, പ്രാർത്ഥനായോഗം തടയാൻ ശ്രമിച്ചതിന് ശ്രീനിവാസിനെതിരെ കേസെടുത്തതായി മനഃപൂർവം തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മതവിദ്വേഷം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് രാവിലെ ബി.ജെ.പി ആന്ധ്രാപ്രദേശ് ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി "ആന്ധ്രപ്രദേശിലെ ക്രിസ്ത്യൻ മിഷനറിമാർ രാമക്ഷേത്രം കയ്യടക്കി പ്രാർത്ഥന നടത്തുന്നു" എന്ന് തെറ്റായ വീഡിയോയ്‌ക്കൊപ്പം വ്യാജവാർത്ത പങ്കുവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ഹിന്ദുക്കൾക്കെതിരെ കേസെടുക്കുന്നുവെന്നും റെഡ്ഡി പ്രചരിപ്പിച്ചു. ഹിന്ദു വിരുദ്ധ പ്രീണന രാഷ്ട്രീയം പ്രയോഗിക്കുകയും ക്രിസ്ത്യാനികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് വൈ.എസ്.ആർ.സി.പി സർക്കാരിനെയും റെഡ്ഡി ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.