യുക്രെയ്നിൽനിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കൽ; വിദേശകാര്യ മന്ത്രാലയവും തമിഴ്നാടും വാക്പോരിൽ
text_fieldsയുക്രെയ്നിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തിയ വിഷയത്തിൽ തമിഴ്നാട് സർക്കാറും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പൊരിഞ്ഞ പോരിൽ. തമിഴ്നാട് സർക്കാർ വൻ തുക ചെലവഴിച്ച് അതിർത്തിയിലെത്തിച്ച തമിഴ് വിദ്യാർഥികളുടെ വിഷയത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വാക്പോര് തുടരുന്നത്.
ഒരാൾക്ക് 500 ഡോളർ ചെലവഴിച്ച് തമിഴ്നാട് സർക്കാർ യുക്രെയ്ൻ അതിർത്തിയിൽ എത്തിച്ച വിദ്യാർഥികളെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശവാദമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് തെളിവുകൾ നിരത്തി തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്നിലെ കിഴക്കൻ പ്രവിശ്യയായ സുമിയിൽനിന്ന് അതിർത്തി കടക്കാനാണ് വിദ്യാർഥികൾക്ക് വൻ തുക ചെലവഴിക്കേണ്ടിവന്നത്. ഇത് സംബന്ധിച്ച് 'ദി ഹിന്ദു' ദിനപത്രം മാധ്യമ പ്രവർത്തകയായ പാർവതി ബിനു മാർച്ച് നാലിന് ട്വിറ്ററിൽ വിവരം പങ്കുവെച്ചിരുന്നു.
പിസോചിനിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ വാഹന സൗകര്യം ഏർപ്പെടുത്തിയതായി പാർവതി ബിനു ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള 35 വിദ്യാർത്ഥികളുടെ യാത്രാച്ചെലവ് വഹിച്ചത് സംസ്ഥാന സർക്കാർ ആണെന്നും പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ബിനു ട്വീറ്റ് ചെയ്തതിന് പിന്നാലെ ഡി.എം.കെ എം. പി കനിമൊഴി കരുണാനിധി വിദ്യാർത്ഥികളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇവർ ഒരു ബസും ഏർപ്പെടുത്തി നൽകി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കുമ്പോൾ, അനുബന്ധ ശ്രമമെന്ന നിലയിൽ സംസ്ഥാനത്ത് നിന്നുള്ള 35 വിദ്യാർത്ഥികളുടെ ബസ് ചാർജ് തമിഴ്‌നാട് സർക്കാർ നൽകി. ബസ് സ്വകാര്യമായി ഏർപ്പാട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ചില സംസ്ഥാന സർക്കാരുകൾ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഒഡീഷ സർക്കാർ പിസോചിനിൽ നിന്നുള്ള 25 വിദ്യാർത്ഥികൾക്കായി രണ്ട് ബസുകൾ ഏർപ്പാടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ സുമിയിൽ 700 ഓളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്.
തമിഴ് വിദ്യാർഥി സംഘം മടങ്ങുന്ന ചിത്രം പാർവതി ബിനു ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ ബി.ജെ.പി അനുകൂല മാധ്യമമായ ടി.വി 9 എക്സിക്യൂട്ടീവ് എഡിറ്റർ ആദിത്യ കൗൾ കേന്ദ്ര സർക്കാറിനായി രംഗത്തെത്തി. തമിഴ്നാട് സർക്കാർ കുട്ടികൾക്കായി ഒന്നും ചെയ്തില്ലെന്ന് കൗൾ ട്വീറ്റ് ചെയ്തു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്തയും പാർവതിക്കെതിരെ രംഗത്തുവന്നു. പാർവതി വ്യാജ വാർത്ത ചമക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, പിസോചിനിൽനിന്നും റുമാനിയൻ അതിർത്തിയിൽ എത്താൻ 35 തമിഴ് വിദ്യാർഥികൾക്കായി തമിഴ്നാട് സർക്കാർ 17500 ഡോളർ ചെലവഴിച്ച് വാഹനം സജ്ജമാക്കിയതായി ഡി.എം.കെ എൻ.ആർ.ഐ വിഭാഗം സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. യാഷിനി പറഞ്ഞു. അതിർത്തിയിലെത്തിയ മെഡിക്കൽ വിദ്യാർഥികളും സംസ്ഥാന സർക്കാർ ചെയ്ത സഹായം ശരിവെക്കുന്നുണ്ട്. അതിനിടെയാണ് ബി.ജെ.പി സംഘ് പരിവാർ കേന്ദ്രങ്ങളിൽനിന്നും വ്യാജ വിവരങ്ങൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.