ജാമ്യം ലഭിച്ചെങ്കിലും സുബൈറിന് പുറത്തിറങ്ങാനായില്ല; മറ്റൊരു കേസിൽ ജാമ്യമില്ല
text_fieldsന്യൂഡൽഹി: മൂന്ന് തീവ്ര ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ വാർത്തയാക്കിയതിന് ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ വസ്തുതാ പരിശോധന വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് പുറത്തിറങ്ങാനായില്ല. ഡൽഹിയിലെ ഒരു കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ തൽക്കാലം സുബൈർ ജയിലിൽ തന്നെ തുടരും.
തന്റെ ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറയുന്ന സീതാപൂർ എഫ്.ഐ.ആർ റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ അടുത്തയാഴ്ച കോടതി വാദം കേൾക്കുന്നതിനാൽ ഇന്നത്തെ ജാമ്യം ഇടക്കാല ഉത്തരവാണ്. സീതാപൂരിലെ ഒരു പ്രാദേശിക കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച് ഒരു ദിവസത്തിന് ശേഷം പൊലീസ് റിമാൻഡിലേക്ക് അയച്ചിരുന്നു. ട്വീറ്റുകളൊന്നും പോസ്റ്റ് ചെയ്യാൻ പാടില്ലെന്നതാണ് ജാമ്യ വ്യവസ്ഥ.
യു.പി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജും ഉയർത്തിയ തടസവാദങ്ങൾ തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചിന്‍റെ വിധി.
ഇടക്കാല ഉത്തരവ് സീതാപൂർ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡൽഹി അടക്കമുള്ള മറ്റു കേസുകൾക്ക് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ ഉചിതമായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ചെയ്യാത്ത കുറ്റത്തിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബൈർ സുപ്രീംകോടതിയിലെത്തിയത്. സുബൈറിന്‍റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദം തുടങ്ങുന്നതിന് മുമ്പെ കേന്ദ്ര സർക്കാറിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തടസവാദം ഉന്നയിച്ചു. സുബൈറിന്‍റെ ജാമ്യഹരജിയിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തതും കോടതി റിമാൻഡ് ചെയ്തതുമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വസ്തുതകൾ മറച്ചുവെച്ചുവെന്നുമായിരുന്നു മേത്തയുടെ തടസവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.