എയിംസിന്‍റെ പേര് മാറ്റുന്നതിൽ ആശങ്കയുമായി അധ്യാപക സംഘടന ആരോഗ്യമന്ത്രിക്ക് കത്തയച്ചു
text_fields
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിന്‍റെ (എയിംസ്) പേര് മാറ്റുന്നതിനെ എതിർത്ത് അധ്യാപക സംഘടന. ഇതു സംബന്ധിച്ച് എയിംസിലെ അധ്യാപകരുടെ സംഘടന ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്തെഴുതി. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു നിർദേശവും പരിഗണിക്കരുതെന്നും പേര് മാറ്റുന്നതിലൂടെ ഐയിസിന്‍റെ സ്വത്വം നഷ്ടപ്പെടുമെന്നും കത്തിൽ പറയുന്നു.
മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ആതുര സേവനം എന്നീ ലക്ഷ്യങ്ങളോടെ 1956ലാണ് എയിംസ് സ്ഥാപിച്ചത്. സ്ഥാപനത്തിന്‍റെ പേര് അതിന്‍റെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേര് മാറ്റിയാൽ സ്വത്വം നഷ്ടപ്പെടും. രാജ്യത്തിനകത്തും പുറത്തും സ്ഥാപനത്തിന് ലഭിക്കുന്ന അംഗീകാരം ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് പ്രശസ്തമായ സ്ഥാപനങ്ങൾ പേരുമാറ്റാത്തതെന്നും അധ്യാപകർ ആരോഗ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എയിംസിലെ സ്വയം ഭരണം, ഭരണ പരിഷ്കാരങ്ങൾ തുടങ്ങി ദീർഘകാലമായി നില നിൽക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തയാറാവണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിലേതുൾപ്പടെ രാജ്യത്തെ 23 എയിംസുകൾക്കും പ്രദേശിക നേതാക്കൾ, സ്വാന്ത്ര്യസമര സേനാനികൾ, ചരിത്ര സംഭവങ്ങൾ, സ്മാരകങ്ങൾ എന്നിവ അടിസ്ഥാനമാക്കി പേരുകൾ നൽകുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം തയാറാക്കിയിട്ടുണ്ട്. നേരത്തെ എയിംസുകളുടെ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശത്തോടുള്ള അധ്യപകരുടെ അഭിപ്രായം അധ്യാപക സംഘടന തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.