‘പ്രതികാരം പൂർത്തിയായി’, പിസ്റ്റളുമായി നായകവേഷത്തിൽ ഫഡ്‌നാവിസ്; വിവാദത്തിനിടെ വീരപരിവേഷം ലക്ഷ്യമിട്ട് പോസ്റ്ററുകൾ
text_fieldsമുംബൈ: ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി അക്ഷയ് ഷിൻഡെ തിങ്കളാഴ്ച പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിഷയം മഹാരാഷ്ട്രയിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാറിനുമെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയാണ് വിമർശനങ്ങളേറെയും. കൊല്ലപ്പെട്ടയാളുടെ കുടുംബവും പ്രതിപക്ഷ കക്ഷികളും ഉൾപ്പെടെ ഇത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ പിതാവ് ബോംബെ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ബുധനാഴ്ച കോടതി വാദം കേട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുകയാണെങ്കിൽ പ്രതിയെ കാലിൽ വെടിവെക്കാതെ എന്തുകൊണ്ടാണ് തലയിൽ വെടിവെച്ചത് എന്ന പ്രസക്തമായ ചോദ്യവും കോടതി ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനിടയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പുതിയ പോസ്റ്ററുകൾ ഉയർന്നിരിക്കുകയാണ്. മുംബൈയിലും സമീപനഗരങ്ങളിലും ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ദേവേന്ദ്ര ഫഡ്‌നാവിസ് തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രമാണുള്ളത്.
‘ബദ്‌ല പുര (പ്രതികാരം പൂർത്തിയായി)’ എന്ന വാചകവും പോസ്റ്ററിൽ അച്ചടിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും വീഴ്ച മറച്ചുവെക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്ററുകൾ എന്ന് വിമർശനമുയർന്നു കഴിഞ്ഞു. പൊലീസ് ഏറ്റുമുട്ടലിൽ പ്രതിയെ കൊലപ്പെടുത്തിയത് വീരകൃത്യമാണെന്ന് പ്രചരിപ്പിക്കാനും അതുമായി ഫഡ്നാവിസിനെ ബന്ധപ്പെടുത്തി അയാൾക്ക് ഹീറോ പരിവേഷം നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പോസ്റ്ററുകളെന്നാണ് ആക്ഷേപം.
പൊലീസ് നടപടിയെ പിന്തുണച്ച് ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പൊലീസുകാർ സ്വയരക്ഷക്കായാണ് പ്രതിക്കു നേരെ വെടിയുതിർത്തതെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതിനിടെ, കൊല്ലപ്പെട്ട പ്രതി അക്ഷയ് ഷിൻഡെയുടെ കുടുംബം പൊലീസിന്റെ അവകാശവാദം ചോദ്യം ചെയ്ത് രംഗത്തുവന്നു. ‘എന്റെ മകന് പടക്കം പൊട്ടിക്കാൻ പോലും ഭയമായിരുന്നു. ഒരു പൊലീസുകാരനിൽനിന്ന് പിസ്റ്റൾ തട്ടിയെടുത്ത് വെടിവെക്കാൻ എങ്ങനെ കഴിയും?’ -അക്ഷയ് ഷിൻഡെയുടെ പിതാവ് അണ്ണ ഷിൻഡെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.