നിരാശനായി ഫഡ്നാവിസിന്റെ എതിരാളി ഖഡ്സെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ ആടിയുലയുമ്പോൾ കൂടുതൽ നിരാശനാകുന്നത് ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുത്ത എതിരാളി ഏകനാഥ് ഖഡ്സെ. ഫഡ്നാവിസുമായി ഇടഞ്ഞ് എൻ.സി.പിയിൽ ചേക്കേറിയ പ്രമുഖനാണ് ഖഡ്സെ. 2020 ഒക്ടോബർ വരെ ബി.ജെ.പിയിലെ ഒന്നാമനായിരുന്നു. 2014ൽ അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രിയാകേണ്ടിയിരുന്ന നേതാവ്. എന്നാൽ, ഖഡ്സെയെ തഴഞ്ഞ് മോദി-അമിത് ഷാമാർ അധികാരം ഏൽപിച്ചത് ദേവേന്ദ്ര ഫഡ്നാവിസിനെ. ഖഡ്സേയെ സുപ്രധാന റവന്യൂ വകുപ്പ് നൽകി സമാധാനിപ്പിച്ചു.
എന്നാൽ, ബി.ജെ.പിയിലെ മുതിർന്ന നേതാവ് താൻ തന്നെയാണെന്ന് ഖഡ്സെ വേദികളിലും നിയമസഭയിലും ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലാണ് 2016ൽ ദാവൂദ് ഇബ്രാഹിം ബന്ധവും സർക്കാർ ഭൂമി കൈയറ്റവും ആരോപിക്കപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത്.
തന്നെ ഒതുക്കാൻ ഫഡ്നാവിസുണ്ടാക്കിയ കള്ളക്കേസാണിതെന്ന് ഖഡ്സെ ആരോപിച്ചു. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഖഡ്സെക്ക് ടിക്കറ്റ് നൽകിയുമില്ല. തുടർന്നും അവഗണന നേരിട്ടതോടെ ഫഡ്നാവിസിനെ കുറ്റപ്പെടുത്തി ബി.ജെ.പി വിട്ടു.
നിയമസഭ കൗൺസിലിലൂടെ ശിവസേന സഖ്യ സർക്കാറിൽ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് എൻ.സി.പിയിൽ ചേർന്നത്. ഗവർണർ ക്വാട്ടയിൽ ഒഴിവുവന്ന നിയമസഭ കൗൺസിൽ സീറ്റിലേക്ക് ഖഡ്സെ അടക്കം 12 പേരുകൾ സർക്കാർ ശിപാർശ ചെയ്തെങ്കിലും ഗവർണർ അംഗീകരിച്ചില്ല.
ഖഡ്സെയെ തടയാൻ ഫഡ്നാവിസ് ചരടുവലിച്ചെന്നാണ് ആരോപണം. ഒടുവിൽ നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിലൂടെ ജയിച്ചുനിൽക്കുമ്പോഴാണ് ശിവസേനയിലെ അട്ടിമറി. ഖഡ്സെ ജയിച്ച അതേ രാത്രിയാണ് ഏകനാഥ് ഷിൻഡെയുടെ വിമത നീക്കം.
ഉദ്ധവ് സർക്കാറിൽ ആഭ്യന്തര മന്ത്രിയാകാനുള്ള സാധ്യതയാണ് ഖഡ്സെക്ക് നഷ്ടമായത്. തന്റെ ഭരണകാലത്തെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരായ ഫോൺ ചോർത്തൽ കേസ് നടക്കുന്നതിനിടെ ഖഡ്സെ ആഭ്യന്തരമന്ത്രിയാകുന്നത് ഫഡ്നാവിസിന് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.