‘ജനഗണ മന’ അറിയില്ല; ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കിയ ബംഗ്ലാദേശ് പൗരനെ പിടികൂടി
text_fieldsചെന്നൈ: വ്യാജ രേഖ ചമച്ച് ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ച ബംഗ്ലാദേശ് പൗരനെ ‘ജനഗണമന’ ടെസ്റ്റിലൂടെ പിടികൂടിയതായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. പാസ്‌പോർട്ടിൽ സംശയം തോന്നി പിടികൂടിയ ബംഗ്ലാദേശ് മൈമെൻസിങ് ജില്ലയിലെ ബാൽപൂർ സ്വദേശി അൻവർ ഹുസൈൻ (28) എന്ന യുവാവിനോടാണ് ഉദ്യോഗസ്ഥർ ദേശീയഗാനം ആലപിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, ആദ്യ വരികൾ പോലുമറിയാതെ വിഷമിച്ച ഇയാൾ സത്യാവസ്ഥ തുറന്നു പറയുകയായിരുന്നുവത്രെ.
കോയമ്പത്തൂർ വിമാനത്താവളത്തിൽ ജനുവരി 23നാണ് സംഭവം. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കോയമ്പത്തൂരിൽ എത്തിയത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനക്കിടെ അൻവർ ഹുസൈന്റെ കൊൽക്കത്ത വിലാസത്തിലുള്ള പാസ്‌പോർട്ടിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. കൊൽക്കത്ത വിലാസത്തിലുള്ളയാൾ എന്തിനാണ് തമിഴ്‌നാട്ടിൽ വന്നതെന്ന് ആരാഞ്ഞു. അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ രണ്ട് വർഷം തയ്യൽക്കാരനായി ജോലി ചെയ്തിരുന്നതായി കണ്ടെത്തി.
രേഖകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തി. താൻ കൊൽക്കത്തയിൽ താമസക്കാരനാണെന്ന് അവകാശപ്പെട്ട അൻവർ ഹുസൈനോട്ഒരു ഇമിഗ്രേഷൻ ഓഫിസർ പെട്ടെന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുഴുവനായും പാടണമെന്നില്ലെന്നും ആദ്യ രണ്ട് വരികൾ മാത്രമെങ്കിലും ആലപിച്ചാൽ മതിയെന്നും പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ താൻ ബംഗ്ലാദേശി പൗരനാണെന്ന് യുവാവ് സമ്മതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇതേത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. 2018 മുതൽ 2020 വരെ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ ബനിയൻ കമ്പനിയിൽ തയ്യൽക്കാരനായിരുന്നു ഇയാൾ. ബംഗളൂരുവിലെ ഒരു ഏജൻസി മുഖേന വ്യാജ ആധാർ കാർഡ് ഉണ്ടാക്കി. കൊൽക്കത്ത വിലാസം നൽകി പാസ്‌പോർട്ടും സംഘടിപ്പിച്ചു.
ഇതുപയോഗിച്ച് 2020 ഡിസംബറിൽ ഗൾഫിൽ ജോലിക്ക് പോയി. എന്നാൽ, മാസം 35,000 രൂപ മാത്രമായിരുന്നു ശമ്പളം. ഇതോടെ തിരുപ്പൂരിലേക്ക്തന്നെ തിരികെവരുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഹുസൈനെ ചെന്നൈ പുഴൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.