ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാത്തത് ജനാധിപത്യത്തിന്റെ പരാജയം -തമിഴ്നാട്
text_fieldsന്യൂഡൽഹി: രണ്ടാംതവണയും നിയമസഭ പാസാക്കിയ ബില്ലുകൾക്ക് വീണ്ടും അനുമതി തടയുന്നത് ജനാധിപത്യത്തിന്റെ പരാജയത്തിന് കാരണമാകുമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആർ.എൻ രവി തടഞ്ഞതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പാർട്ടികൾ തമ്മിലുള്ള തർക്കം മൂലം ജനങ്ങളും സംസ്ഥാനവും ദുരിതമനുഭവിക്കുകയാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ഹാജരായത്. സംസ്ഥാന നിയമസഭ ബിൽ പാസാക്കിയാൽ ഗവർണർക്ക് പുനഃപരിശോധന ആവശ്യപ്പെടാം. എന്നാൽ, അതേ ബിൽ വീണ്ടും അവതരിപ്പിച്ച് ഗവർണറുടെ മുമ്പാകെ എത്തിയാൽ, സമ്മതം നൽകുകയല്ലാതെ ഗവർണർക്ക് മറ്റു മാർഗമില്ല. ഇതാണ് നമ്മുടെ ഭരണഘടന ചട്ടക്കൂടിൽ പറഞ്ഞിരിക്കുന്ന നടപടിക്രമം. രണ്ടാം റൗണ്ടിൽ അനുമതി നൽകാൻ ഗവർണർ ബാധ്യസ്ഥനാണ്. ഭരണഘടന വ്യവസ്ഥകളിൽ ഇക്കാര്യം വളരെ വ്യക്തമാണ് -മുകുൾ റോഹ്തഗി വാദിച്ചു.
ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ ഗവർണർ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ 2023ൽ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹം തിരിച്ചയച്ച 10 ബില്ലുകൾ സംസ്ഥാന നിയമസഭ വീണ്ടും അംഗീകരിച്ചതോടെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തീർപ്പാക്കാത്ത 10 ബില്ലുകളുടെ കാര്യത്തിൽ ഭരണസ്തംഭനം ഒഴിവാക്കാൻ തമിഴ്നാട് ഗവർണറോട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗവർണർ രവിയും കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി ഇരുവിഭാഗം അഭിഭാഷകരും അറിയിച്ചു. 2023 ഡിസംബർ 13ന് ഹരജി പരിഗണിച്ചപ്പോൾ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി റഫർ ചെയ്യാൻ ഗവർണർക്ക് കഴിയുമോ എന്നതായിരുന്നു പ്രധാന ചോദ്യം. ഇതിന് ഗവർണർക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. കേസ് ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.