നീതിന്യായ വ്യവസ്ഥയിൽ സാധാരണക്കാരനുള്ള വിശ്വാസത്തിന് വലിയ ഇടിവുണ്ടായെന്ന് ജസ്റ്റിസ് എ.എസ്. ഓഖ
text_fieldsന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സാധാരണക്കാരനുള്ള വിശ്വാസത്തിൽ വലിയ ഇടിവുണ്ടായെന്ന് സുപ്രീംകോടതി ജസ്റ്റിസ് എ.എസ്. ഓഖ. എവിടെയാണ് നമുക്ക് തെറ്റുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. ന്യായമായ ചെലവിൽ സാധാരണക്കാരന് കോടതിയെയോ അഭിഭാഷകരെയോ സമീപിക്കാൻ സാധിക്കാത്തത് ഒരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ രണ്ടാമത് ശ്യാമള പപ്പു അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാർ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരാകരുത് എന്നാണ് തന്‍റെ എക്കാലത്തേയും കാഴ്ചപ്പാടെന്ന് അദ്ദേഹം വ്യക്തമാക്കി. ബോംബെ ഹൈകോടതി ജഡ്ജിയായിരുന്നപ്പോഴും കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോഴും ജില്ലാതലങ്ങളിലും താലൂക്ക് തലങ്ങളിലും സന്ദർശിക്കാനും ആളുകളുമായി ഇടപഴകാനും സാധിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്.
വിവിധ തുറകളിൽ നിന്നുള്ളവരുമായുള്ള ആശയവിനിമയത്തിലൂടെ എനിക്ക് വ്യക്തിപരമായി മനസ്സിലായത് നീതിന്യായ വ്യവസ്ഥക്ക് സാധാരണക്കാരന്‍റെ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലായെന്നാണ്. പണ്ട് നീതിന്യായ വ്യവസ്ഥയിലുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും ന്യായമായ ചെലവിൽ ഇവയെ സമീപിക്കാൻ സാധാരണക്കാരന് സാധിക്കുന്നില്ല എന്നുള്ളതാണ്. നമുക്ക് എവിടെയാണ് തെറ്റുന്നതെന്നതിനെ കുറിച്ച് നമ്മൾ ഒരിക്കലും ചിന്തിക്കുന്നില്ല. മാതൃകാപരമായി നാം എന്താണ് നേടിയെടുക്കേണ്ടത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു' -ജസ്റ്റിസ് ഓഖ പറഞ്ഞു.
തന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും അതിനെ സുപ്രീംകോടതിയുടെ അഭിപ്രായമായി കൂട്ടിവായിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആലോചനകൾ ഉണ്ടായിവരുന്നതിന് വേണ്ടിയാണ് താൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.