അതിർത്തി പ്രശ്നം: മോദിക്ക് പിന്തുണയുമായി വ്യാജ ട്രംപും നെതന്യാഹുവും ട്വിറ്ററിൽ; പങ്കുവെച്ച് കുടുങ്ങി പ്രമുഖർ
text_fieldsന്യൂഡൽഹി: അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന പ്രശ്നം ഏറ്റവും കൂടുതൽ പ്രതിസന്ധി തീർത്തിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ്. യുദ്ധത്തിലേക്ക് പോവാതെ പ്രശ്നപരിഹാരത്തിനുള്ള തീവ്രശ്രമങ്ങൾ തുടരവേ, ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ചൈനയുമായി യുദ്ധത്തിനുള്ള ആഹ്വാനവുമായി ചിലർ രംഗത്തുണ്ട്. അമേരിക്കയും ഇസ്രയേലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെന്നും യുദ്ധം വന്നാൽ ഇന്ത്യ ജയിക്കുമെന്നുമൊക്കെ പ്രചരിപ്പിക്കുന്നവർ കുറവല്ല.
അതിനോടൊപ്പം, ഇന്ത്യക്ക് പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, മകൻ ഇവാൻക ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ട്വീറ്റുകളും പങ്കുവെക്കുന്നുണ്ട്. എന്നാൽ, എല്ലാം ട്വിറ്റർ വെരിഫൈ ചെയ്യാത്ത വ്യാജ പ്രൊഫൈലുകളിൽ നിന്നുള്ള ട്വീറ്റുകളാണ്. ഇവാൻക് ട്രംപിെൻറ വ്യാജ പ്രൊഫൈലിൽ നിന്നും ഇത്തരത്തിൽ വന്ന ട്വീറ്റിന് ലഭിച്ചത് പതിനായിരക്കണക്കിന് ലൈക്കുകളായിരുന്നു. അതിലേറെ പേർ അത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഞാൻ ഇന്ത്യയോടൊപ്പം നിൽക്കും’ എന്നായിരുന്നു ഇവാൻകയുടെ ട്വീറ്റ്.
രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പ്രമുഖരാണ് വ്യാജ പ്രൊഫൈലുകളിൽ നിന്നും വന്ന ട്വീറ്റുകൾ പരിശോധിക്കാതെ പങ്കുവെച്ചത്. ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി നെതന്യാഹുവിെൻറ ട്വീറ്റാണ് ഷെയർ ചെയ്തത്. ബി.ജെ.പിയുടെ ദേശീയ തലത്തിലുള്ള സോഷ്യൽ മീഡിയ ചുമതലയുള്ള പ്രിതി ഗാന്ധിയും ഇത്തരത്തിൽ അബദ്ധം പിണഞ്ഞവരിൽ പെടും. ഇവാൻകയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘ഇന്ത്യ ഇതിനെ അഭിനന്ദിക്കുന്നു’ എന്നായിരുന്നു മഹിള മോർച്ച നേതാവ് ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ പ്രിതി ഗാന്ധിയെ തിരുത്തിക്കൊണ്ട് നിരവധി പേരാണ് എത്തിയത്. ഇത്തരത്തിൽ ലോകനേതാക്കളുടെ പേരിൽ ട്വിറ്ററിൽ നിരവധി വ്യാജ പ്രൊഫൈലുകളാണ് പ്രചരിക്കുന്നത്.
ഇന്തോ-ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട്, മോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന അർഥത്തിൽ ട്വിറ്ററിൽ ModiweakestPM എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനെ മറികടക്കാനായി മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകളുമായി ചിലരെത്തി. കൂടെ ലോകനേതാക്കളുടെ വ്യാജ അക്കൗണ്ടുകളിൽ നിന്നുമുള്ള ട്വീറ്റുകളും പങ്കുവെച്ചിട്ടുണ്ടായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ബോയ്കോട്ട് ചൈന ഹാഷ്ടാഗുകളും തരംഗമാവുന്നുണ്ട്. എല്ലാവരും ചൈനീസ് നിർമിത വസ്തുക്കൾ ഉപേക്ഷിക്കാനും ചൈന നിർമിച്ച ടിക്ടോക് പോലുള്ള ആപ്പുകൾ ഫോണുകളിൽ നിന്ന് നീക്കം ചെയ്യാനുമാണ് ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.