വ്യാജ ബോംബ് ഭീഷണി: സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: വിമാന സർവിസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും ഐ.ടി മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ ജാഗരൂകരാകണം. പങ്കുവെക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിമാന സർവിസുകളുടെ സുരക്ഷക്കുപുറമെ സാമൂഹിക വ്യവസ്ഥക്കും ഇത്തരം വ്യാജ ഭീഷണികൾ വെല്ലുവിളിയാണ്. ഇത്തരം ഉള്ളടക്കങ്ങൾ നിശ്ചിത സമയത്തിൽ നീക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യാൻ 2021ലെ ഐ.ടി ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവക്ക് വെല്ലുവിളിയാവുന്ന കാര്യങ്ങൾ പങ്കുവെക്കപ്പെട്ടാൽ കൃത്യമായി അധികൃതരെ അറിയിക്കാൻ നിയമം മൂലം സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്.
വിഷയത്തിൽ വീഴ്ച വരുത്തിയാൽ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. 275 ഓളം വിമാനങ്ങൾക്കാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യാജ ബോംബ് ഭീഷണി നേരിട്ടത്. ഇതിലൂടെ വിമാന കമ്പനികൾക്ക് 800 കോടിയിലധികം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വ്യാജ ബോംബ് ഭീഷണികൾ തടയാൻ ലക്ഷ്യമിട്ട് സമൂഹ മാധ്യമമായ ‘എക്സ്’ കഴിഞ്ഞ ദിവസം എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.