വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: കർശന നടപടിക്കൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി പെരുകുന്നതിനിടെ, കുറ്റവാളികളുടെ യാത്രാവിലക്കടക്കം കർശന നടപടിക്കൊരുങ്ങി വ്യോമയാന മന്ത്രാലയം. നാലു ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 20ലധികം വിമാനങ്ങളിാലണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന്, ചില വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.
ബോംബ് ഭീഷണിയിൽ ഭൂരിഭാഗവും വ്യാജമായിരുന്നു. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) ഉൾപ്പെടെയുള്ള നിയമങ്ങളിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന വ്യക്തികളെ വിമാനങ്ങളുടെ യാത്രാവിലക്ക് പട്ടികയിലുൾപ്പെടുത്തുന്നത് പരിഗണിക്കും. വിമാനക്കമ്പനികളുമായി ഇതുസംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ അഭിപ്രായങ്ങൾ ശേഖരിച്ചുവരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാജ ബോംബ് ഭീഷണി നേരിടാൻ വിദേശ രാജ്യങ്ങളിൽ പാലിക്കുന്ന വ്യവസ്ഥകളും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ നിയമ ഭേദഗതിയും നടത്തും. വിമാനയാത്രക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നിലവിൽ കർശന നടപടികളുണ്ട്. എന്നാൽ, സമൂഹ മാധ്യമങ്ങൾ വഴി ബോംബ് ഭീഷണിയുണ്ടായാൽ നേരിടാൻ പ്രത്യേക വ്യവസ്ഥകളില്ല. ക്രിമിനൽ നിയമനടപടി മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.