കാൻസറിനും പ്രമേഹത്തിനുമുള്ള 6.6 കോടി രൂപയുടെ ‘വ്യാജ’ മരുന്നുകൾ പിടികൂടി
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് വൻതോതിൽ കാൻസർ, പ്രമേഹ പ്രതിരോധത്തിനുള്ള വ്യാജമെന്ന് സംശയിക്കുന്ന മരുന്നുകൾ പിടിച്ചെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ(സി.ഡി.എസ്.സി.ഒ) ഈസ്റ്റ് സോണും പശ്ചിമ ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് ‘വ്യാജ’ മരുന്നുകൾ പിടികൂടിയത്.
അയർലൻഡ്, തുർക്കി, യു.എസ്.എ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതെന്ന് ലേബൽ ചെയ്തിരിക്കുന്ന മരുന്നുകൾ, ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ ഇറക്കുമതി തെളിയിക്കുന്നതിനുള്ള യാതൊരു രേഖയുമില്ലാതെയാണ് കണ്ടെത്തിയത്. അത്തരം രേഖകളുടെ അഭാവത്തിൽ ഈ മരുന്നുകൾ വ്യാജമാണെന്ന് കരുതപ്പെടുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിരവധി ശൂന്യമായ പാക്കിംഗ് സാമഗ്രികളും അന്വേഷണ സംഘം കണ്ടെത്തി. ഇത് പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആധികാരികതയെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തുന്നു. പിടികൂടിയ മയക്കുമരുന്നുകളുടെ മൊത്തം വിപണി മൂല്യം 6.6 കോടിയോളം വരും. ശരിയായ അന്വേഷണം ഉറപ്പാക്കാൻ, മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനക്ക് അയച്ചിട്ടുണ്ട്.
മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി കൂടുതൽ ചോദ്യം ചെയ്യലിന് അനുമതി നൽകി. വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വ്യാജ മരുന്നുകൾ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ സി.ഡി.എസ്.സി.ഒയും സംസ്ഥാന അധികാരികളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.