വ്യാജ ജാതി സർട്ടിഫിക്കറ്റ്: സമീർ വാങ്കഡെയുടെ മൊഴിയെടുത്തു
text_fieldsമുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ആരോപണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് പ്രത്യേക സംഘം നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയെടുത്തു. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ, മുസ്ലിമായ സമീർ വാങ്കഡെ വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഉദ്യോഗം നേടിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. തെളിവായി ജനന, വിവാഹ സർട്ടിഫിക്കറ്റുകളും പുറത്തുവിട്ടു.
ഇതിനെതിരെ സമീർ വാങ്കഡെ നൽകിയ പരാതിയിൽ ദേശീയ പട്ടികജാതി കമീഷെൻറ നിർദേശ പ്രകാരമാണ് പൊലീസ് അന്വേഷണം. ആവശ്യമായ രേഖകൾ ഉദ്യോഗസ്ഥർക്ക് നൽകിയതായി സമീർ വാങ്കഡെ പറഞ്ഞു.
സമീർ വാങ്കഡെ, വിവാദ 'ഡിറ്റക്ടീവ്' കിരൺ ഗോസാവി എന്നിവർക്കെതിരെ കോഴ ആരോപണം ഉയർത്തിയ ആര്യൻ ഖാൻ കേസിലെ സാക്ഷി പ്രഭാകർ സായിലിനെ എൻ.സി.ബി പ്രത്യേക സംഘം ബുധനാഴ്ചയും ചോദ്യം ചെയ്തു. ആവർത്തിച്ച് സമൻസ് അയച്ചിട്ടും കോഴ വിവാദം അന്വേഷിക്കുന്ന മുംബൈ പൊലീസിെൻറ പ്രത്യേക സംഘത്തിന് മുന്നിൽ ഷാറൂഖ് ഖാെൻറ മാനേജർ പൂജ ദദ്ലാനി ഹാജരായില്ല.
രണ്ട് ദിവസം കൂടി കാത്ത ശേഷം പൂജയുടെ വീട്ടിൽ ചെന്ന് മൊഴിയെടുക്കുമെന്ന് പറഞ്ഞ പൊലീസ്, അതും സാധ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കുകയൊ സ്വമേധയാ കേസെടുത്ത് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യുമെന്ന സൂചന നൽകി. അതേസമയം, അധോലോക, മയക്കുമരുന്ന് മാഫിയ ബന്ധങ്ങൾ പരസ്പരം ആരോപിച്ച മന്ത്രി നവാബ് മാലികും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പരസ്പരം വക്കീൽ നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.