ഗുജറാത്തിൽ വ്യാജ കോടതി ഒരുക്കി തട്ടിപ്പുകാർ, അഞ്ച് വർഷമായി പ്രവർത്തനം; 'തീർപ്പാക്കുക' ഭൂമി തർക്ക കേസുകൾ, 'ജഡ്ജി' ഉൾപ്പെടെ പ്രതികൾ പിടിയിൽ
text_fieldsഅഹമ്മദാബാദ്: വിവിധ തരം തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. പൊലീസ് ചമഞ്ഞും സി.ബി.ഐ ചമഞ്ഞും ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ ചെയ്തുമെല്ലാം തട്ടിപ്പുകൾ അനവധിയാണ്. എന്നാൽ, ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഒരു തട്ടിപ്പ് ഇവയെയെല്ലാം കവച്ചുവെക്കും. സ്വന്തമായി ഒരു കോടതി ട്രിബ്യൂണൽ തന്നെ ഒരുക്കിയാണ് തട്ടിപ്പുകാർ പ്രവർത്തിച്ചത്. ജഡ്ജിയും ഗുമസ്തന്മാരും പരിചാരകരുമെല്ലാം ഈ 'കോടതി'യിൽ ഉണ്ടായിരുന്നെന്നതാണ് രസകരം. അഞ്ച് വർഷത്തിലേറെയായി ഈ 'കോടതി' പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് വ്യാജ ട്രിബ്യൂണലിൽ ന്യായാധിപനായി രംഗത്തെത്തിയിരുന്നത്. ഇയാളുടെ ഗാന്ധിനഗറിലെ ഓഫിസാണ് കോടതിയാക്കി മാറ്റിയെടുത്തത്.
നഗരത്തിലെ സിവിൽ കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് കക്ഷികളുമായി ബന്ധപ്പെടുക. ഇവരുടെ കേസ് ട്രിബ്യൂണലിൽ പരിഗണിക്കാമെന്നും വാഗ്ദാനം ചെയ്യും.
യഥാർഥ കോടതിയെ വെല്ലുന്ന നിലയിലാണ് മോറിസ് സാമുവലിന്‍റെ ഓഫിസിൽ വ്യാജ 'ട്രിബ്യൂണൽ' ഒരുക്കിയിരുന്നത്. കോടതിയിലുണ്ടാകുന്ന തരത്തിൽ ഉദ്യോഗസ്ഥരെല്ലാം ഇവിടെയുമുണ്ടാവും. കക്ഷികളെ ഇവിടേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുക. ശേഷം, കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കുകയും ഇവരിൽ നിന്ന് വൻ തുക ഈടാക്കുകയുമാണ് ചെയ്തിരുന്നത്.
ഈ വ്യാജ കോടതിയിൽ 2019ൽ നിന്ന് നേടിയ ഒരു ഉത്തരവ് അടുത്തിടെ മറ്റൊരു കോടതിയിലെ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സർക്കാർ ഭൂമിയിൽ ഉടമസ്ഥത ഉന്നയിച്ച് 2019ൽ ഒരാൾ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ കക്ഷിയെ കബളിപ്പിച്ച തട്ടിപ്പുകാർ വ്യാജ കോടതിയിൽ നിന്ന് ഇയാൾക്ക് അനുകൂലമായ വിധിയും നൽകി. ഈ വിധി വ്യാജമാണെന്ന് സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് കരഞ്ജ് പൊലീസ് ആൾമാറാട്ടം, കബളിപ്പിക്കൽ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതി ഇത്തരത്തിൽ 'വിധി പറഞ്ഞ' 10 കേസുകൾ അറിവായിട്ടുണ്ട്. ഇയാളുടെ കൂടുതൽ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.