വ്യാജ ബിരുദ തട്ടിപ്പ്: ഭോപ്പാലിലെ എസ്.ആർ.കെ സർവകലാശാലയിലെ വി.സി അറസ്റ്റിൽ
text_fieldsഭോപ്പാൽ: വൻ തുക ഈടാക്കി വിദ്യാർഥികൾക്ക് വ്യാജ ബിരുദം നൽകിയതിന് ഭോപ്പാലിലെ സർവേപള്ളി രാധാകൃഷ്ണൻ യൂണിവേഴ്‌സിറ്റിയിലെ (എസ്.ആർ.കെ) വൈസ് ചാൻസലറും മുൻ ചാൻസിലറും അറസ്റ്റിൽ. എസ്.ആർ.കെ സർവകലാശാലയുടെ നിലവിലെ വി.സി ഡോ.എം പ്രശാന്ത് പിള്ള, വിരമിച്ച ചെയർമാൻ ഡോ.എസ്.എസ് കുശ്വ എന്നിവരെ ചൊവ്വാഴ്ച ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എസ്.ആർ.കെയിലെ അസിസ്റ്റന്റ് പ്രൊഫസർ കേതൻ സിങും അറസ്റ്റിലായിട്ടുണ്ട്. അതേസമയം മറ്റൊരു വി.സി ഡോ.സുനിൽ കപൂർ മുൻകൂർ ജാമ്യം നേടി.
വ്യാജ ബിരുദ റാക്കറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കൺസൾട്ടന്റുമാരുടെ ഏജന്റുമാർക്കും ഭോപ്പാലിലെ എസ്.ആ.ർകെ സർവകലാശാല മാനേജ്മെന്റിനുമെതിരെ മലക്പേട്ട്, ആസിഫ് നഗർ മുഷീറാബാദ്, ചദർഘട്ട് പൊലീസ് സ്റ്റേഷനുകളിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തതോടെയാണ് ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
നിർധനരായ വിദ്യാർഥികൾക്ക് പരീക്ഷയോ ഹാജരോ ഇല്ലാതെ വൻതുക പ്രതിഫലം വാങ്ങിയാണ് ഇവർ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. 2017 മുതൽ 101 വ്യാജ ഡിഗ്രികളാണ് സർവകലാശാലയുടെ പേരിൽ നൽകിയത്. അതിൽ 44 സർട്ടിഫിക്കറ്റുകൾ വിദ്യാർഥികളിൽ നിന്ന് പിടിച്ചെടുത്തു. വ്യാജ സർട്ടിഫിക്കറ്റുകളിൽ 13 എണ്ണം ബി.ടെക്, ബി.ഇ കോഴ്സുകളുടേതും ബാക്കി 31 എണ്ണം എം.ബി.എ, ബി.എസ്.സി തുടങ്ങി വിവിധ ബിരുദങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളാണ്.
ഹൈദരാബാദ് നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് ഏജന്റുമാരായ എ ശ്രീകാന്ത് റെഡ്ഡി, എ ശ്രീനാഥ് റെഡ്ഡി, പട്വാരി ശശിദർ, പി.കെ.വി സ്വാമി, ഗുൺടി മഹേശ്വര് റാവു, ആസിഫ് അലി, ടി രവികാന്ത് റെഡ്ഡി, ഉപ്പാരി രംഗ രാജു എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
കേസിൽ 19 വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയ ആറ് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് സി.ആർ.പി.സി സെക്ഷൻ 41 (എ) പ്രകാരം പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചു. എസ്.ആർ.കെ സർവകലാശാലയിലെ ബാക്കിയുള്ള പ്രതികളെയും പണം നൽകി സർട്ടിഫിക്കറ്റ് നേടിയ വിദ്യാർഥികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.