വ്യാജ ഏറ്റുമുട്ടൽ കേസ്: 36 പ്രതികളെയും യു.പി കോടതി വെറുതെവിട്ടു
text_fieldsബദോഹി: 1998ൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ 34 പൊലീസുകാരടക്കം 36 പേരെ ഉത്തർപ്രദേശ് കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് അഡീഷനൽ സെഷൻസ് ജഡ്ജി ഷൈലജ് ചന്ദ്ര പ്രതികളെ വെറുതെവിട്ടത്. 25 വർഷം മുമ്പ് നടന്ന ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതിയായ ധനഞ്ജയ് സിങ് അടക്കമുള്ള സംഘം സരോയിയിലെ പെട്രോൾ പമ്പിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് വാദം.
ധനഞ്ജയ് സിങ്ങിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,0000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ധനഞ്ജയ് സിങ് അന്ന് കൊല്ലപ്പെട്ടിരുന്നില്ല. ഇപ്പോൾ ജനതാദൾ (യുനൈറ്റഡ്) നേതാവായ ധനഞ്ജയ് സിങ് പിന്നീട് 1999 ഫെബ്രുവരിയിൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. സംഭവം വൻ വിവാദത്തിനിടയാക്കി. അന്തരിച്ച സമാജ്വാദി പാർട്ടി നേതാവ് അമർ സിങ്, ഫൂലൻദേവി, മുൻ എസ്.പി നേതാവ് അഹമ്മദ് ഹസൻ, എസ്.പി എം.എൽ.എ സാഹിദ് ബേഗ് എന്നിവർ സംഭവത്തിൽ പ്രതിഷേധിക്കുകയും ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ സി.ബി.സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഏറ്റുമുട്ടൽ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇതേത്തുടർന്ന് അന്നത്തെ സർക്കിൾ ഓഫിസർ അഖിലാനന്ദ് മിശ്ര ഉൾപ്പെടെ 36 പേർക്കെതിരെ സി.ബി.സി.ഐ.ഡി കേസെടുത്തു. തുടർന്ന് കേസിൽ എല്ലാവർക്കും ജാമ്യം ലഭിച്ചു. ജോൻപൂരിലെ സർക്കിൾ ഓഫിസറായിരിക്കെ മിശ്രക്ക്, ധനഞ്ജയ് സിങ്ങിനോട് സാമ്യമുള്ള വിദ്യാർഥി നേതാവുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ബദോഹിയിലേക്ക് സ്ഥലംമാറ്റിയ ശേഷം, മിശ്ര അയാളെ ജോൻപൂരിൽനിന്ന് കൊണ്ടുവന്ന് ഫ്ലാറ്റിൽ പാർപ്പിച്ചു.
പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പട്ടാപ്പകൽ മിശ്ര, ധനഞ്ജയ് സിങ്ങിനോട് സാമ്യമുള്ള വിദ്യാർഥി നേതാവിനെ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികളായ 10 പൊലീസ് ഉദ്യോഗസ്ഥർ വിചാരണക്കിടെ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.