വ്യാജ ഏറ്റുമുട്ടൽകൊല: ചുരുളഴിഞ്ഞത് പൊലീസ് തിരക്കഥ
text_fieldsഹൈദരാബാദ്: തെലങ്കാനയെയും രാജ്യത്തെയും അമ്പരപ്പിച്ച സംഭവത്തിലാണ് വനിത വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്നു തീയിട്ട കേസിലെ നാലു പ്രതികളെയും പൊലീസ് 2019 ഡിസംബർ ആറിന് പുലർച്ചെ വെടിവെച്ചുകൊന്നത്. 26കാരി ഡോക്ടർ ദിശയെ (ഇരക്ക് പൊലീസ് നൽകിയ പേര്) കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത ക്രൂരസംഭവത്തിലെ പ്രതികളായ നാലു ലോറി ജീവനക്കാർ, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൈബറാബാദ് പൊലീസ് അന്ന് അറിയിച്ചത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പറഞ്ഞിരുന്നു.
മുഖ്യപ്രതി ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ജോലു ശിവ, ജോലു നവീൻ, ചിന്തകുണ്ട ചെന്നകേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ തോക്കുകൾ തട്ടിയെടുത്ത് ആക്രമിച്ചപ്പോൾ തിരിച്ചു വെടിവെച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. ''പ്രതികളിലൊരാളായ മുഹമ്മദ് ആരിഫാണ് ആദ്യം വെടിവെച്ചത്. മറ്റൊരു പ്രതി കേശവുലുവും തുടർന്ന് ആക്രമിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല''-എന്നിങ്ങനെയായിരുന്നു പൊലീസിന്റെ വിശദീകരണം.
2019 നവംബർ 27ന് രാത്രിയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. അടുത്ത ദിവസം രാവിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ശംഷാബാദിലെ ടോൾ ഗേറ്റിനടുത്തുവെച്ച് സ്കൂട്ടർ കേടായി കുടുങ്ങിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദേശീയപാതയോരത്തെ ചത്തൻപള്ളി എന്ന വിജനപ്രദേശത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. തെളിവു നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു. പിറ്റേന്ന് തന്നെ നാലുപേരും അറസ്റ്റിലായി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
അന്വേഷണത്തിന്റെ ഭാഗമായി, കുറ്റകൃത്യം നടത്തിയ രീതി പുനരാവിഷ്കരിക്കാൻ പ്രതികളെ സംഭവസ്ഥലത്ത് രാവിലെ 6.30ന് എത്തിച്ചിരുന്നു. ''ഈ സമയത്ത് നാലുപേരും ചേർന്ന് പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഞങ്ങൾ തിരിച്ചടിച്ചു. ഇതിൽ നാലുപേരും കൊല്ലപ്പെട്ടു'' എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചത്.
അതേസമയം, ഏറ്റുമുട്ടൽ കൊലക്കെതിരെ സന്നദ്ധ പ്രവർത്തകർ സമർപ്പിച്ച ഹരജി പരിഗണിച്ച തെലങ്കാന ഹൈകോടതി, 2019 ഡിസംബർ ഒമ്പതുവരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ തെലങ്കാനയോട് വിശദീകരണം ആവശ്യപ്പെടുകയും ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
നാടിനെ നടുക്കിയ ബലാത്സംഗ കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള മുഴുവൻ പ്രതികളെയും വെടിവെച്ചുകൊന്ന പൊലീസ് നടപടിയെ എതിർത്തും അനുകൂലിച്ചും ജനം രംഗത്തെത്തി. സൈബറാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടൽ കൊലയെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും മനുഷ്യാവകാശ സംഘടനകളും മറ്റും അന്നുതന്നെ സംശയം പ്രകടിപ്പിക്കുകയും തുടർന്ന് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.
രണ്ട് ഹരജികളാണ് കോടതിയിലെത്തിയത്. അഭിഭാഷകരായ ജി.എസ്. മാനി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് ഒരു ഹരജി നൽകിയത്. രണ്ടാമത്തേത് അഭിഭാഷകനായ എം.എൽ. ശർമയുടേതായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ്, ഏതു സാഹചര്യത്തിലാണ് നാലു പ്രതികളും കൊല്ലപ്പെട്ടതെന്ന് പൊതു അന്വേഷണം നടത്താൻ റിട്ട. സുപ്രീംകോടതി ജഡ്ജി വി.എസ്. സിർപുർകറിന്റെ നേതൃത്വത്തിലുള്ള കമീഷനെ കോടതി നിയമിച്ചത്. 387 പേജുള്ള റിപ്പോർട്ടാണ് കമീഷൻ കോടതി മുമ്പാകെ സമർപ്പിച്ചത്. വ്യാജ ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്ന് കമീഷൻ കണ്ടെത്തിയതോടെ പൊലീസിന്റെ തിരക്കഥയാണ് പൊളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.