വ്യാജ സ്വർണപ്പണയം: മലയാളിയടങ്ങുന്ന മറ്റൊരു തട്ടിപ്പ് സംഘംകൂടി അറസ്റ്റിൽ
text_fieldsമംഗളൂരു: വ്യാജ സ്വർണം പണയംവെച്ച് പണംതട്ടുന്ന മലയാളിയുൾപ്പെട്ട മറ്റൊരു സംഘത്തെകൂടി കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന 916 ഹാൾമാർക്ക് മുദ്രാലയം കണ്ടെത്തി.
വിവിധ സഹകരണ സ്ഥാപനങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ സൂത്രധാരൻ എന്നു കരുതുന്ന കോഴിക്കോട് സ്വദേശി രാജീവ് (32), കൂട്ടാളികളായ കർണാടക കുംതയിലെ നിതിൽ ഭാസ്കർ ഷെട്ടി (32), കർണാടക ബെളഗാവി സ്വദേശികളായ സഞ്ജയ് ഷെട്ടി (42), കൈലാസ് ഗൊറഡ (26) എന്നിവരെയാണ് ഉഡുപ്പി പഡുബിദ്രി പൊലീസ് സബ് ഇൻസ്പെക്ടർ പ്രസന്നയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്രണംചെയ്യാൻ ഉപയോഗിക്കുന്ന മൂന്നര ലക്ഷം രൂപ വിലവരുന്ന യന്ത്രവും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. രാജീവും ഭാര്യയും ചേർന്ന് പഡുബിദ്രി, ഉച്ചില സഹകരണ സംഘങ്ങളിൽ പണയംവെച്ച 30 ഗ്രാം വീതമുള്ള വളകൾ ലേലത്തിൽ വെച്ചിരുന്നു. ഈ സമയം നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
സമാന രീതിയിൽ തട്ടിപ്പ് നടത്തിയ മലയാളിയുൾപ്പെട്ട മറ്റൊരു സംഘത്തെ കഴിഞ്ഞ മാസം മംഗളൂരു ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാലര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി ഡാനിഷ് (43), കർണാടക നെല്യാടി സ്വദേശി സെബാസ്റ്റ്യൻ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ജനുവരി 27ന് നെല്യാടിയിലെ കാമധേനു മഹിള സഹകരണ സംഘത്തിൽ 30 ഗ്രാം വീതമുള്ള നാല് വ്യാജ സ്വർണവളകൾ പണയംവെച്ച് സെബാസ്റ്റ്യനും ഡാനിഷും ചേർന്ന് 1.40 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
പരിശോധനയിൽ വളകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ സി.എച്ച്. ചൈതന്യ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലങ്കാരുവിലെ പട്ടിന സഹകാരി സംഘത്തിൽനിന്ന് സമാനമായ രീതിയിൽ 1.35 ലക്ഷവും ഉപ്പിനങ്ങാടിയിലെ ഒടിയൂർ മൾട്ടി പർപ്പസ് കോ ഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് 1.70 ലക്ഷവും ഇവർ വ്യാജ സ്വർണം പണയംവെച്ച് കടമെടുത്തതായി പരാതി വന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.