'വ്യാജ ലവ് ജിഹാദും പശു ഭീകരതയും യു.പി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല, ചർച്ചയാകേണ്ടത് കർഷക സമരം'
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരോടുള്ള നിസ്സംഗത ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരി പറഞ്ഞു. ലവ് ജിഹാദ്, പശു ഭീകരത തുടങ്ങിയ കൃത്രിമ പ്രശ്‌നങ്ങളാകില്ല, വികസന കാര്യങ്ങളാകും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ലവ് ജിഹാദ്, പശു ഭീകരത തുടങ്ങിയ അനാവശ്യവും വ്യാജവുമായ പ്രശ്നങ്ങൾ ജനം തള്ളും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമഗ്ര വികസനം എന്നിവ വോട്ടെടുപ്പിൽ വിജയിക്കുമെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. കഴിഞ്ഞ മാസം പിതാവ് ചൗധരി അജിത് സിങ്ങിൻെറ മരണത്തെ തുടർന്നാണ് ആർ.എൽ.ഡി അധ്യക്ഷനായി ജയന്ത് ചുമതലയേറ്റത്.
'2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണ പ്രചാരണങ്ങൾ തങ്ങളുടെ പാർട്ടി നടത്തില്ല. ആർ.എൽ.ഡിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഇരുപാർട്ടികളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യചർച്ചകൾ ഉടൻ ആരംഭിക്കും.
ഉത്തർപ്രദേശിൽ നിലനിൽക്കുന്ന ധാരാളം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. അവയക്കെുറിച്ച് ധാരണയുണ്ടാക്കിയാൽ ബി.എസ്.പി, കോൺഗ്രസ് പോലുള്ള കക്ഷികളെ ചേർത്ത് വിശാലമായ സഖ്യം രൂപീകരിക്കാനാവും. എന്നാൽ, സത്യസന്ധത പുലർത്തുന്നവരെ മാത്രമേ പൊതുചട്ടക്കൂടിൽ ഉൾക്കൊള്ളാൻ കഴിയൂ' -ജയന്ത് ചൗധരി വ്യക്തമാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് മറുപടിയായി, കോൺഗ്രസിൻെറ പദ്ധതികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ജയന്ത് പറഞ്ഞു.
'സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങളും പാർട്ടിയിലെ അതൃപ്തികളും ജനശ്രദ്ധയിൽനിന്ന് മാറ്റാനാണ് മുഖ്യമന്ത്രി യോഗിയെ നീക്കുമെന്ന തരത്തിലുള്ള ഊഹങ്ങൾ പ്രചരിപ്പിക്കുന്നത്. ജാതിയിൽ കുടുങ്ങിക്കിടക്കുകയാണ് ബി.ജെ.പി സർക്കാർ. ജോലി, സാമ്പത്തിക വളർച്ച, കാര്യക്ഷമമായ ഭരണം എന്നിവ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാറിൻെറ കോവിഡ് പ്രതിരോധം പരാജയമാണ്. ഗംഗയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടെ രംഗങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ കാർഷിക നിയമങ്ങളും അതിനെതിരായ സമരങ്ങളുമെല്ലാം നല്ലരീതിയിൽ ചർച്ച ചെയ്യണം. കാലങ്ങളായി കർഷകരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. പുതിയ നിയമങ്ങൾ കുത്തകവൽക്കരണത്തിന് ഇടയാക്കും.
ഇതിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള അനാസ്ഥയും വിവേകശൂന്യവുമായ മനോഭാവവും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വേട്ടയാടും' -ജയന്ത് ചൗധരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.