പരിവാഹൻ ആപ്പിന്റെ പേരിൽ വ്യാജ സന്ദേശം; 3.5 ലക്ഷം രൂപ നഷ്ടപ്പെട്ടു
text_fieldsബംഗളൂരു: ഗതാഗത വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന നിയമലംഘനത്തിന് പിഴയടക്കാനാവശ്യപ്പെട്ട് 3.5 ലക്ഷം രൂപ തട്ടിയെടുത്ത് സൈബർ മോഷ്ടാക്കൾ. ബിക്കിം ചന്ദ്രയെന്ന
44 കാരനായ ആർക്കിടെക്റ്റിനാണ് പണം നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ ബംഗളൂരു ആർ.ടി.ഒയുടെ പേരിൽ വാട്സ്ആപ് സന്ദേശമയക്കുകയായിരുന്നു. ബിക്കിം ചന്ദ്രയുടെ പേരിൽ ഗതാഗത നിയമലംഘനം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമിത വേഗത്തിന് പിഴയടക്കണമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഗതാഗത നിയമം ലംഘിച്ചതിന്റെ ചിത്രങ്ങൾ കാണാനും പിഴയടക്കാനുമായി പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യണമെന്ന് പറഞ്ഞ് ആപ്പിന്റെ ലിങ്ക് കൂടെ നൽകിയിരുന്നു.
വാഹനത്തിന്റെ നമ്പറും ചലാൻ നമ്പറും സന്ദേശത്തിലുണ്ടായിരുന്നു. വാഹനത്തിന്റെ നമ്പർ കൃത്യമായിരുന്നത് കൂടുതൽ വിശ്വാസം ജനിപ്പിച്ചു. ലിങ്കിൽ തൊട്ടതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് മാറത്തഹള്ളി പൊലീസ് പറഞ്ഞു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബംഗളൂരു പൊലീസിന്റെ പേരിൽ നിരവധി പേർക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഗവൺമെന്റ് ആപ്പാണ് പരിവാഹൻ. ഇതിന്റെ വ്യാജ പതിപ്പുകൾ നിർമിച്ചാണ് മോഷ്ടാക്കൾ പണം തട്ടുന്നത്.
പിഴയടക്കാനുള്ള സന്ദേശങ്ങൾ വ്യാജം -പൊലീസ്
ഗതാഗത വകുപ്പോ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളോ പിഴയടക്കാനാവശ്യപ്പെട്ട് ജനങ്ങൾക്ക് എസ്.എം.എസ്/വാട്സ്ആപ് സന്ദേശങ്ങളയക്കുന്നില്ലെന്ന് ജോയന്റ് പൊലീസ് കമീഷണർ എം.എൻ. മഞ്ജുനാഥ് പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.
അറിയാത്ത വ്യക്തികളിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വെരിഫൈ ചെയ്യാത്ത ഉറവിടങ്ങളിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധിക്കാനും അടക്കാനും സംസ്ഥാന പൊലീസിന്റെ വെബ്സൈറ്റായ www.btp.gov.in അല്ലെങ്കിൽ ഔദ്യോഗിക ആപ് ആയ കെ.എസ്.പി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.