Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSpecialchevron_rightവ്യാജ മുസ്‍ലിം പേരുകൾ...

വ്യാജ മുസ്‍ലിം പേരുകൾ കുറ്റവാളികൾക്ക് മറഞ്ഞിരിക്കാനുള്ള ഒന്നാന്തരം ഉപകരണമാവുന്നത് എന്തു​കൊണ്ട്?

text_fields
bookmark_border
വ്യാജ മുസ്‍ലിം പേരുകൾ കുറ്റവാളികൾക്ക് മറഞ്ഞിരിക്കാനുള്ള ഒന്നാന്തരം ഉപകരണമാവുന്നത് എന്തു​കൊണ്ട്?
cancel

2025ലെ കുംഭമേളയുടെ മുന്നോടിയായി, ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു സമൂഹ മാധ്യമ പോസ്റ്റ് ഉയർന്നുവരികയുണ്ടായി. കുറഞ്ഞത് 1,000 ഭക്തർ കൊല്ലപ്പെടുമെന്നായിരുന്നു അത്. ‘നസീർ പത്താൻ’ എന്ന പേരിലുള്ള അക്കൗണ്ടാണ് ഭീഷണി മുഴക്കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 11ാം തരം വിദ്യാർഥിയായ ആയുഷ് കുമാർ ജയ്‌സ്വാൾ എന്ന 17കാരനാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ‘അവൻ സഹപാഠിയുമായി വഴക്കുകളിൽ ഏർപ്പെട്ടിരുന്ന’തായി കുംഭമേള എസ്.എസ്.പി രാജേഷ് ദ്വിവേദി ദി ക്വിന്റിനോട് പറഞ്ഞു.

ചില വ്യക്തികൾ മുസ്‌ലിംകളായി ആൾമാറാട്ടം നടത്തി​ കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനും വിദ്വേഷകരമായ ഉള്ളടക്കം പ്രചരിപ്പിക്കാനും വ്യാജ അക്കൗണ്ടുകളോ ഇ-മെയിൽ ഐ.ഡികളോ ഉണ്ടാക്കുന്ന ആശങ്കാജനകമായ പ്രവണതയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇത്തരം സംഭവങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഏറെയാണ്. അത്തരം ഒന്നിലേറെ കേസുകളും അവ ചെലുത്തിയ സ്വാധീനവും പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിൽ.

ജയ്‌സ്വാളിന്റെ കേസിൽ, പൊലീസിന്റെയും സൈബർ സെല്ലിന്റെയും സംയുക്ത സംഘം ഇയാളുടെ ഐ.പി വിലാസം കണ്ടെത്തി. അവൻ ബിഹാറിലെ പൂർണിയ ജില്ലക്കാരനാണെന്ന് തിരിച്ചറിഞ്ഞു. ‘ഞങ്ങൾ അവനെ അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നു. ഇതിൽ മറ്റൊരു കൂട്ടാളി ഇല്ലെന്നും അവൻ മാത്രമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രയാഗ്‌രാജിലെ മേലാ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സമാധാന ലംഘനം പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവഹേളനം, ഐ.ടി നിയമത്തിലെ സെക്ഷൻ 67 എന്നിവ പ്രകാരം പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഹിന്ദുത്വ സംഘടനകളുടെ പഴയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ് ‘ദി ക്വിന്റി’നോട് പറഞ്ഞു. ക്ഷേത്രങ്ങൾക്ക് മുന്നിൽ ശവമോ മാംസമോ വലിച്ചെറിയുന്ന പല കേസുകളിലും അപകീർത്തിപ്പെടുത്താൻ ഹിന്ദുത്വവാദികൾ മുസ്‍ലിംകളായി വേഷംമാറി ചെയ്യുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് പുതിയതല്ല. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത്, സോഷ്യൽ മീഡിയയുടെ പൊട്ടിത്തെറിയോടെ വിദ്വേഷം കാട്ടുതീ പോലെ പടരും. പിടിക്കപ്പെട്ടാലും അവർക്ക് എന്തെങ്കിലും ശിക്ഷ കിട്ടുമോ എന്നു പോലും അറിയില്ലെന്നും’ അപൂർവാനന്ദ് ചൂണ്ടിക്കാട്ടുന്നു.

കേസ് 2: രാമക്ഷേത്രത്തിന് ബോംബ് ഭീഷണി

2023 ഡിസംബർ 27ന് ലക്നോ നിവാസിയായ ദേവേന്ദ്ര തിവാരി, തന്നെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുബൈർ ഖാൻ എന്നയാൾ ഇ-മെയ്ൽ അയച്ചതായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. തീർത്തും പ്രകോപനപരവും വിദ്വേഷജനകവുമായ ഭാഷയിലുള്ള ഇ-മെയ്ലിൽ മുസ്‌ലിംകളുടെ ജീവിതം നരകമാക്കിയതിന് ഇവരെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘നമ്മുടെ ആളുകൾ യു.പിയിൽ എത്തിയ ശേഷം ദേവേന്ദ്ര തിവാരി, യോഗി ആദിത്യനാഥ്, അമിതാഭ് യാഷ് എന്നിവരെ പൊട്ടിത്തെറിപ്പിക്കും’ എന്നായിരുന്നു അത്.

കൂടുതൽ ‘മസാല’ ചേർക്കാൻ ഇ-മെയിലിന്റെ അവസാന വരികൾ ഇങ്ങനെയായിരുന്നു: ‘അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്ന് ഞാൻ അല്ലാഹുവിനാൽ സത്യം ചെയ്യുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഐ.എസ്.ഐ ഏറ്റെടുക്കും.’ 2023 നവംബറിൽ, ആലം അൻസാരി ഖാൻ എന്ന വ്യക്തിയിൽനിന്ന് തനിക്ക് സമാനമായ രീതിയിൽ ഒരു ഭീഷണി ഇ-മെയിൽ ലഭിച്ചതായും തിവാരി അവകാശപ്പെടുകയുണ്ടായി.

കുറച്ചു ദിവസങ്ങൾക്കുശേഷം, സ്​പെഷൽ ടാസ്ക് ഫോഴ്സ് ഒരു വലിയ മുന്നേറ്റം നടത്തി. ഇ-മെയിലുകൾ അയച്ച രണ്ടുപേരെ അവർ അറസ്റ്റു ചെയ്തു. അവരാരും മുസ്‍ലിംകൾ ആയിരുന്നില്ല. ഗോണ്ടയിൽ നിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരായിരുന്നു പ്രതികൾ. വ്യാജ ഐഡന്റിറ്റിയായ zubairkhanisi199@gmail.com, alamansarikhan608@gmail.com എന്നിവയിൽ നിന്ന് ഇ-മെയ്ലുകൾ അയക്കാൻ തിവാരിതന്നെ സിങ്ങിനോടും മിശ്രയോടും ആവശ്യപ്പെടുകയായിരുന്നു.

സാമുദായിക സംഘർഷം നിലനിർത്തുന്നതിലും അത് സമൂഹത്തിൽ മുസ്‍ലിംകളെ എങ്ങനെ കൂടുതൽ ഒറ്റപ്പെടുത്തുന്നു എന്നതിലും ആഴത്തിൽ വേരൂന്നിയതാണ് ഇതിന്റെ പിന്നിലുള്ള പ്രചോദനമെന്ന് അഭിഭാഷകനായ അനസ് തൻവീർ ചൂണ്ടിക്കാട്ടുന്നു.
സംശയം ജനിപ്പിക്കുക മാത്രമല്ല, വർഗീയ പക്ഷപാതിത്വങ്ങളെ ആയുധമാക്കാനും മുസ്‌ലിംകളെ അക്രമകാരികളോ ദേശവിരുദ്ധരോ ആയി ചിത്രീകരിക്കുന്ന സ്റ്റീരിയോടൈപ്പുകൾ ശക്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ വഞ്ചനാപരമായ തന്ത്രമാണിത്. കാരണം ഇത് നേരിട്ടുള്ള ഇരയെ ദ്രോഹിക്കുക മാത്രമല്ല, ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‍ലാമോഫോബിയയുടെ വർധിച്ചുവരുന്ന സാധാരണവൽക്കരണത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. മുസ്‍ലിംകളെ കുറ്റകൃത്യവുമായോ അക്രമവുമായോ ബന്ധപ്പെടുത്തുന്നത് കണക്കുകൂട്ടിയുള്ള രാഷ്ട്രീയ ഉപകരണമാണിതെന്നും അനസ് തൻവീർ ‘ക്വിന്റി’നോടു പറഞ്ഞു.

തിവാരിക്ക് ഇതൊരു പുതുമയല്ല. 2022 മാർച്ച്, 2022 ഫെബ്രുവരി, 2022 നവംബർ, 2021 ഡിസംബർ മാസങ്ങളിലും സമാനമായ ഭീഷണികൾ ലഭിച്ചതായി ഇയാൾ ആരോപിച്ചിരുന്നു. ഈ കേസിൽ സിങ്, മിശ്ര എന്നിവരിൽ നിന്ന് 2 മൊബൈൽ ഫോണുകളും വൈഫൈ റൂട്ടറും ഡിജിറ്റൽ വീഡിയോ റെക്കോർഡറും പൊലീസ് കണ്ടെടുക്കുകയുണ്ടായി.
‘ആലാംബാഗ് പൊലീസ് സ്റ്റേഷൻ, ലക്നോ, സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഉപയോഗിച്ച മെയ്ൽ ഐ.ഡിയുടെ സാങ്കേതിക വിശകലനത്തിനുശേഷം, ഇ-മെയ്ൽ ഉണ്ടാക്കിയ തഹർ സിങ്ങും ഭീഷണി സന്ദേശം അയച്ച ഓം പ്രകാശ് മിശ്രയും അറസ്റ്റിലായെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ എസ്.ടി.എഫ് പറഞ്ഞു.

‘എക്‌സി’ൽ സജീവമായി തുടരുന്ന തിവാരിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയാൻ ‘ക്വിന്റ്’ എസ്.ടി.എഫ് യു.പി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനോടും സംസാരിച്ചു. ‘കേസ് അന്വേഷിച്ച് അറസ്റ്റ് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജില്ലാ കോടതികൾ ഇത് പരിശോധിക്കുന്നുണ്ട്. ദേവേന്ദ്ര തിവാരിയെ സംബന്ധിച്ചിടത്തോളം അയാൾ അന്ന് ഒളിവിലായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. ഗൂഢാലോചന കണ്ടുപിടിച്ചു. ഇനി ഈ കേസ് ഫയൽ ചെയ്ത ലോക്കൽ പൊലീസ് സ്റ്റേഷനുകളുടെ കയ്യിൽ ആണെന്ന് എസ്.ടി.എഫ് ഉത്തർപ്രദേശ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രമേഷ് കുമാർ ശുക്ല പറഞ്ഞു.

കേസ് 3: മുസ്‍ലിം വസ്ത്രധാരണം വിദ്വേഷം പരത്താൻ?

ആഗ്രയിൽ താമസിക്കുന്ന ധീരേന്ദ്ര രാഘവിലേക്ക് പോവാം. വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്നാരോപിച്ച് ആഗ്ര കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിനെത്തുടർന്ന് 2024 ജൂണിൽ രാഘവ് അറസ്റ്റു ചെയ്യപ്പെട്ടു. മുസ്‍ലിമായി ആൾമാറാട്ടം നടത്തിയതിനും ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ചതിനുമായിരുന്നു ഇത്.

കഷ്ടിച്ച് 10-15 ദിവസങ്ങൾക്കുശേഷം ജൂൺ 23ന് രാഘവ് വീണ്ടും ‘മുസ്‍ലിം വേഷം’ ധരിച്ചു. എന്നാൽ ഇത്തവണ വിദ്വേഷവും ആക്രമണോത്സുകതയും ഉള്ള ഒരു മുസ്‍ലിമായി അഭിനയിക്കുന്നതിന് പകരം ഇയാൾ ഒരു ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.
ഐ.പി.സി. സെക്ഷൻ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ദുരുദ്ദേശ്യം), 505 (2) (വിദ്വേഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഉള്ളടക്കം ഉണ്ടാക്കുക/ പ്രചരിപ്പിക്കുക) എന്നിവ പ്രകാരം കേസെടുത്തതായി ആഗ്ര ഡെപ്യൂട്ടി പൊലീസ് കമീഷണർ സൂരജ് കുമാർ റായ് വ്യക്തമാക്കുകയുണ്ടായി. ജയിലിൽനിന്ന് പുറത്തിറങ്ങിയതിനുശേഷം, രാഘവ് ഇൻസ്റ്റഗ്രാമിലെ തന്റെ ഉള്ളടക്കം മാറ്റിയെങ്കിലും ഇയാൾ ഇപ്പോഴും സനാതന ഹിന്ദുത്വ അനുകൂല ഉള്ളടക്കം പോസ്റ്റുചെയ്യുകയും ‘മുസ്‍ലിം വേഷം’ ധരിക്കുകയും ചെയ്യുന്നത് തുടരുന്നു.

ഇത്തരം സംഭവങ്ങളിൽ, അത് ബോംബ് ഭീഷണിയായാലും മുസ്‍ലിമായി ആൾമാറാട്ടം നടത്തിയുള്ള വിദ്വേഷ പ്രസംഗമായാലും ഉദ്ദേശിച്ച രീതിയിൽ തന്നെ ഫലം ലഭിച്ചു കഴിഞ്ഞു. ‘മുസ്‌ലിംകൾ അത് ചെയ്യുന്നുവെന്ന ധാരണ പരത്താനാണ് ഇത് ചെയ്യുന്നത്. ആളുകളുടെ മനസ്സിലെ മുൻവിധി ഇതിനാൽ കൂടുതൽ രൂഢമാകുന്നു’- പ്രൊഫസർ അപൂർവാനന്ദ് അഭിപ്രായപ്പെട്ടു.

കേസ് 4: മുകേഷ് അംബാനിക്ക് കവർച്ച ഇ-മെയിലുകൾ ലഭിച്ചപ്പോൾ

മുസ്‍ലിം ശബ്ദത്തിൽ കൊള്ളയടിക്കൽ റാക്കറ്റ് നടത്താൻ ശ്രമിച്ച ബി.കോം വിദ്യാർഥി രാജ്വീർ ഖാന്തിന്റെ കേസും ഇതിലേക്കു ചേർന്നു നിൽക്കുന്നു.

‘shadabkhan@mailfence.com’ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ഇയാൾ കോടിക്കണക്കിന് രൂപ ആവശ്യപ്പെടുകയും ‘കഴിയുമെങ്കിൽ എന്നെ പിടിക്കൂ’ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. വി.പി.എൻ ഉപയോഗിച്ച് ഖാന്ത് തന്റെ ഐ.പി വിലാസം മറച്ചിരുന്നു. എന്നാൽ, ഇയാൾ ട്രയൽ പതിപ്പ് ഉപയോഗിച്ചതിനാൽ വി.പി.എൻ സേവന ദാതാവ് അതിന്റെ നെറ്റ്‌വർക്ക് ഓഫ് ചെയ്യുകയും ഖാന്റെ യഥാർഥ ഐ.പി വിലാസം തുറന്നുകാട്ടുകയും ചെയ്തതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്ത സ്ഥലം മുതൽ ഗുജറാത്തിലെ കലോൽ വരെ ഇയാളുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിനെ ഇത് സഹായിച്ചു.

ആവർത്തിച്ചുള്ള ഈ പ്രശ്‌നത്തെ ‘സാമുദായിക പശ്ചാത്തലത്തിന്റെ ഐഡന്റിറ്റി അടിസ്ഥാനമാക്കിയുള്ള ആൾമാറാട്ടത്തിനുള്ള ശിക്ഷകൾ ശക്തിപ്പെടുത്തുന്നതും രാജ്യത്തെ വർഗീയ അജണ്ടകൾ കാരണം വിഷലിപ്തമായ യുവമനസ്സുകളെ ഡീ-റാഡിക്ക​ലൈസ് ചെയ്യാനുമുള്ള കേസുകൾ ആയി പരിഗണിക്കണമെന്ന് തൻവീർ പറയുന്നു. ഇത്തരം കേസുകൾ എല്ലാ വർഷവും ആവർത്തിക്കുന്നതിനാൽ ഇത് ഒരു സമ്പൂർണ പട്ടിക അല്ല. 2022 മാർച്ചിൽ സിദ്ധാരൂധ ശ്രീകാന്ത് നിരാലെ (31) എന്നയാൾ മുഷ്താഖ് അലിയുടെ പേരിൽ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിക്കുകയും ബി.ജെ.പി എം.എൽ.സി ഡി.എസ് അരുണിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

ഇതിനെതിരെ ചെയ്യാൻ കഴിയും? ശക്തമായ ഒരു പ്രതിരോധം ഉണ്ടാകുമോ? ഈ പ്രശ്നം നിയമപരം മാത്രമല്ല, വ്യവസ്ഥാപിതമാണെന്നും തൻവീർ ചൂണ്ടിക്കാട്ടുന്നു. ഐ.പി.സി സെക്ഷൻ 153 എ (ശത്രുത വളർത്തൽ), 505 (തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ), ഐടി ആക്ടിലെ സെക്ഷൻ 66 ഡി (ഓൺലൈനിൽ ആൾമാറാട്ടം) തുടങ്ങിയ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കൽ നിർണായകമാണെന്നും തൻവീർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamophobiathreathate campaignanti muslim postFake Muslim Names
News Summary - Why 'Fake Muslim Names' Have Become the Latest Tool for Criminals
Next Story