ബംഗാളിൽ അഞ്ച് തൃണമൂൽ എം.പിമാർ ബി.ജെ.പിയിലെത്തുമെന്ന് വെളിപ്പെടുത്തൽ; നിഷേധിച്ച് തൃണമൂൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ച് തൃണമൂൽ എം.പിമാർ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വെളിപ്പെടുത്തൽ. മുതിർന്ന തൃണമൂൽ നേതാവും എം.പിയുമായ സൗഗത റോയിയുടെ നേതൃത്വത്തിലാണ് എം.പിമാരുടെ രാജിയെന്നും അർജുൻ സിങ് പറഞ്ഞു. എന്നാൽ ഇക്കാര്യം സൗഗത റോയ് നിഷേധിച്ചു. വ്യാജവാർത്ത പരത്തുന്ന ബി.ജെ.പി തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം.പിമാർ ഏത് സമയവും രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്നാണ് അർജുൻ സിങ് ഇന്ന് രാവിലെ പറഞ്ഞത്. സൗഗത റോയ് മമത ബാനർജിയുടെ അനുയായിയായി കാമറക്കു മുമ്പിൽ അഭിനയിക്കുകയാണ്. മമതയുമായി ഇടഞ്ഞ സുവേന്ദു അധികാരിയുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. കാമറ മാറ്റുമ്പോൾ നിങ്ങൾക്ക് സൗഗത റോയിയുടെ പേരും വിമതരുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവരുമെന്ന് അർജുൻ സിങ് പറഞ്ഞു. സുവേന്ദു അധികാരിക്ക് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജിവെക്കുന്നതായ അഭ്യൂഹം ബി.ജെ.പിയുടെ വ്യാജപ്രചാരണത്തിന്‍റെ ഭാഗമാണെന്ന് സൗഗത റോയ് പറഞ്ഞു. ഇത് ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യയുടെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ പാർട്ടികൾ രാഷ്ട്രീയ ചരടുവലികൾ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറിന് പിന്നാലെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ നേതാവും മന്ത്രിയുമായ സുവേന്ദു അധികാരി മമതയുമായി ഇടഞ്ഞ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.