നോട്ടുനിരോധനത്തിന് പിന്നാലെ 2020ൽ പിടിച്ചെടുത്തത് 92.17 കോടിയുടെ കള്ളനോട്ടുകൾ; റെക്കോഡെന്ന് എൻ.സി.ആർ.ബി
text_fieldsന്യൂഡൽഹി: രാജ്യത്ത് വ്യാജ നോട്ടുകൾ ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് 2020ൽ. കോവിഡ് 19ന്‍റെ വ്യാപനവും ലോക്ഡൗണുമാണ് വ്യാജ കറൻസികൾ വ്യാപിക്കാനുണ്ടായ സാഹചര്യെമന്നാണ് വിലയിരുത്തൽ. 2020ൽ 92.17 കോടിയുടെ കള്ളനോട്ടുകളാണ് അധികൃതർ പിടികൂടിയതെന്ന് നാഷനൽ ക്രൈം െറക്കോഡ്സ് ഒാഫ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
2020ൽ 8,34,947 വ്യാജനോട്ടുകളാണ് പിടികൂടിയത്. ഇതിൽ ഏറ്റവും അധികം മഹാരാഷ്ട്രയിൽനിന്നായിരുന്നു. പിടിച്ചെടുത്തതിൽ 90 ശതമാനവും അതായത് 83.61 കോടിയും മഹാരാഷ്ട്രയിൽനിന്നാണെന്നാണ് കണക്കുകൾ. 6,99,495 നോട്ടുകളാണ് ഇത്തരത്തിൽ പിടികൂടിയതെന്നും എൻ.സി.ആർ.ബി പറയുന്നു.
പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം. ഇവിടെനിന്ന് 2.46 കോടിയുടെ കള്ളനോട്ടുകളാണ് 2020ൽ പിടികൂടിയത്. ആന്ധ്രയിൽനിന്ന് 1.4കോടി രൂപയുടെ കള്ളനോട്ടും തമിഴ്നാട്ടിൽനിന്ന് ഒരു കോടിയുടെ കള്ളനോട്ടും പിടികൂടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യ സർക്കാർ 2016 നവംബർ എട്ടിന് നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയത് 2020ലായിരുന്നു. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപയുടെ നോട്ടുകൾ സർക്കാർ റദ്ദാക്കിയത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ജമ്മു കശ്മീരിൽനിന്നാണ് ഏറ്റവും അധികം വ്യാജ കറൻസികൾ പിടികൂടിയത്. 12.83ലക്ഷം. ഡൽഹിയിൽനിന്ന് നാലുലക്ഷത്തിന്‍റെ വ്യാജകറൻസികളും പിടികൂടി.
വ്യാജ കറൻസിയുമായി ബന്ധപ്പെട്ട് 385 എഫ്.ഐ.ആർ 633 പേരുടെ പേരിൽ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019ൽ 25.39 കോടിയുടെ കള്ളപ്പണമാണ് രാജ്യത്ത് പിടികൂടിയത്. 2018ൽ ഇത് 17.95 കോടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.