ഒറിജിനലിനെ വെല്ലുന്ന വ്യാജ ഓഫർ ലെറ്ററുകൾ
text_fieldsകുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റേത് എന്ന പേരിൽ അയച്ചുകിട്ടിയ ഓഫർ ലെറ്റർ വിശ്വസിച്ചാണ് ആലപ്പുഴ സ്വദേശി ഉൾപ്പെടെ നൂറുകണക്കിന് സ്ത്രീകൾ ഏജൻറിന് പണം നൽകിയത്. ഏജന്റിന്റെ സംസാരത്തിൽ അവിശ്വസിക്കേണ്ടതായ ഒന്നുമില്ല, അത്ര സ്വാഭാവികതയോടെയാണ് കാര്യങ്ങളുടെ അവതരണം. വാട്ട്സ്ആപ്പിൽ അയച്ചു കൊടുക്കുന്ന രേഖകൾ എല്ലാം എല്ലാം കിറുകൃത്യം. എന്നാൽ, അയാൾ നൽകിയ ലെറ്റർപാഡ് പോലും ഒറിജിനൽ ആയിരുന്നില്ല.
വാഗ്ദാനങ്ങളെല്ലാം പൊള്ളയും. എല്ലാം അറിയുമ്പോഴേക്ക് ഏറെ പണം നഷ്ടമായിരുന്നു. പണം വാങ്ങിയ ഏജൻറ് ഇപ്പോഴും സുഖമായി വിലസുന്നു. കോവിഡ് പ്രതിസന്ധിയിലും മറ്റും രൂപപ്പെട്ട നാട്ടിലെ ജോലി നഷ്ടവും തൊഴിൽ ക്ഷാമവും തട്ടിപ്പുകാർക്ക് ചാകരയായി. ഗൾഫ് രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാടണഞ്ഞവർ എങ്ങനെയെങ്കിലും തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പു സംഘങ്ങൾ വലവിരിക്കുന്നത്. മികച്ച ജോലി വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. ആധികാരികത പരിശോധിക്കാതെ ഇല്ലാത്ത പണവും നൽകി കയറിയെത്തുന്നത് കൊടിയ ദുരിതത്തിലേക്കാണ്.
കഴിഞ്ഞ വർഷങ്ങളിൽ കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി വിസയിലെത്തി ദുരിത്തിലായ മലയാളി വനിതകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായത് കൂടുതൽ പേരും ചെങ്ങന്നൂർ, വയനാട്, നിലമ്പൂർ, ഇടുക്കി എന്നീ സ്ഥലങ്ങളിൽനിന്നുള്ളവരാണ്. ഏതാണ്ടെല്ലാവരും ദരിദ്ര പശ്ചാത്തലത്തിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങളിൽ നിന്നുള്ളവർ. ഈ സ്ഥലങ്ങളെ ബന്ധിപ്പിക്കാവുന്ന ഒരു പോയൻറ് കേരളത്തിലുണ്ടായ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട ഇടം എന്നതാണ്. വിസക്കച്ചവടം നടത്തുന്ന ഏജൻസികൾ സംഘടിതവും വ്യവസ്ഥാപിതവുമായാണ് പ്രവർത്തിക്കുന്നത്. നാട്ടിലെ പൊലീസിലും എമിഗ്രേഷൻ വകുപ്പിലുമുണ്ട് ഇവർക്ക് സ്വാധീനം. ചില ഉന്നത രാഷ്ട്രീയക്കാരുമായി ഇവർക്ക് അടുത്ത സൗഹൃദവുമുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഖത്തറിലെ പൊതുഗതാഗത മേഖലയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ടെന്ന് കോഴിക്കോട്ടെ ഒരു റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ പേരിൽ വാട്സ്ആപ് നോട്ടീസ് പ്രചരിച്ചു. കൽപറ്റയിലെ ഒരു സംഘടന ഓഫിസിെൻറ വിലാസമായിരുന്നു പോസ്റ്ററിൽ. ഇതുകണ്ട് രേഖകളുമായി എത്തിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിൽ അന്വേഷകരായ നൂറുകണക്കിനാളുകളാണ്. കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെ ഇടനിലക്കാരെന്ന പേരിൽ ചിലർ രംഗത്തെത്തി, 50,000 രൂപ വിസക്ക് ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ട് ഇൻറര്‍വ്യൂ ബോര്‍ഡ് വാങ്ങിവെച്ചു. അടുത്ത ദിവസം കൊച്ചിയില്‍ മറ്റൊരു ടെസ്റ്റ് നടക്കുമെന്നും അറിയിച്ചു. പിന്നാലെ, ചിലർ സംശയം പ്രകടിപ്പിച്ച് തുടങ്ങിയതോടെ, ബഹളവും സംഘർഷവുമായി. ഒടുവിൽ പൊലീസ് രംഗത്തെത്തി ഇന്‍റർവ്യൂ നിർത്തിവെച്ചു.
സന്ദർശക വിസയിലെത്തിച്ച് ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനവുമായി വഞ്ചിക്കുന്ന സംഭവങ്ങളും നിരവധിയാണ്. മികച്ച ശമ്പളവും ഉന്നത കമ്പനിയിൽ ജോലിയുമെന്ന വാഗ്ദാനവും കേട്ടാണ് കോഴിക്കോട് സ്വദേശിയായ യുവാവ് മാസങ്ങൾക്ക് മുമ്പ് ഒമാനിൽ സന്ദർശക വിസയിൽ എത്തിയത്. നാട്ടിലെ ട്രാവൽസ് വഴി കണ്ണൂർ സ്വദേശിയായ ഏജന്‍റാണ് ഇയാളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ ഇവിടെ എത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും സംഗതികൾ തകിടം മറിയാൻ തുടങ്ങി. പറഞ്ഞ ജോലിയോ നേരത്തിന് ഭക്ഷണം പോലുമോ കിട്ടാത്ത സ്ഥിതിയായി. ഇവിടെ എത്തിച്ച ആളാകട്ടെ വിളിച്ചാൽ ഫോണെടുക്കാതെയുമായി. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ നിരവധിപേരാണ് സന്ദർശക വിസയിലെത്തി ജോലി ശരിയാക്കാമെന്ന വാഗ്ദാനം കേട്ട് വഞ്ചിതരായിരിക്കുന്നത്.
മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു സമൂഹമാണ്. നൂറുകണക്കിനാളുകളെ ഗൾഫിൽ എത്തിക്കുന്നതിലും നമ്മുടെ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുന്നതിലും നിർണായക പങ്കുവഹിച്ച നിരവധി മലയാളി സുമനസ്സുകൾ ഇവിടെയുണ്ട്. എന്നാൽ, സഹജീവികളെ വഞ്ചിച്ച് പണം തട്ടുന്ന വ്യാജ വിസ ഇടപാടുകളുടെ പിന്നിലെ കുബുദ്ധികേന്ദ്രങ്ങളും നിർഭാഗ്യവശാൽ ചില മലയാളികളാണ്. ഇവരുടെ പ്രവർത്തനം മൂലം സകല മലയാളികളും സംശയ നിഴലിലാവുന്ന അവസ്ഥ പോലും സംജാതമായിട്ടുണ്ട്.
അതേക്കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.