സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടിയെന്ന് വ്യാജ പ്രചാരണം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഭാരതീയ ജനതാ യുവമോർച്ച പ്രവർത്തകൻ അരുൾ പ്രസാദിനെ സേലത്ത് അറസ്റ്റ് ചെയ്തു. സ്റ്റാലിൻ ധരിച്ച ജാക്കറ്റിന് 17 കോടി രൂപയാണ് വിലയെന്ന് ഇദ്ദേഹം ട്വിറ്ററിൽ പ്രചരിപ്പിച്ചിരുന്നു.
ജാക്കറ്റ് ധരിച്ച സ്റ്റാലിന്റെ ചിത്രം പങ്കുവെച്ച ഇദ്ദേഹം, വസ്ത്രത്തിന് ഇത്രയും വിലയുണ്ടെന്ന് പറഞ്ഞത് ധനമന്ത്രി ത്യാഗരാജനാണെന്നും ആരോപിച്ചിരുന്നു.
ഇതിനെതിരെ രംഗത്തുവന്ന ധനമന്ത്രി, തമിഴ്‌നാട് പൊലീസിന്റെ സോഷ്യൽ മീഡിയ സെൽ ചാർജ് ചെയ്യുന്ന ആദ്യത്തെ കേസുകളിൽ ഒന്നായിരിക്കും ഇതെന്ന് മറുപടി നൽകി. വ്യാജവാർത്തകളുടെ ഫലമായുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സോഷ്യൽ മീഡിയ സെൽ സ്ഥാപിക്കാനുള്ള പദ്ധതി ഡി.എം.കെ സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഡി.എം.കെ സേലം യൂനിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുൾ പ്രസാദിനെ 153 എ, 504, 505 (2) ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്ത്. സ്റ്റാലിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലക്കെതിരെയും ഡി.എം.കെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റാലിനോട് നിരുപാധികം മാപ്പ് പറയണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഡി.എം.കെ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.