Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിനിമാക്കഥയെ വെല്ലുന്ന...

സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; വ്യാജ ബാങ്ക് തന്നെ സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടി

text_fields
bookmark_border
സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്;   വ്യാജ ബാങ്ക് തന്നെ സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടി
cancel

റായ്പൂർ: ബാങ്ക് ഇടപാടുകളിലെ തട്ടിപ്പ്, വ്യാജ രേഖകളിലൂടെയുള്ള വഞ്ചന, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവയൊക്കെ ഇന്ന് സർവസാധാരണമാണ്. എന്നാൽ, ഇതുവരെ രേഖപ്പെടുത്തിയതിൽവെച്ച് അതിസമർഥമായ സാമ്പത്തിക തട്ടിപ്പായി സ്ഥാനംപിടിച്ചിരിക്കുകയാണ് ഛത്തീസ്ഗഢിൽ നടന്ന ഒരു സംഭവം. സിനിമാതിരക്കഥയെ വെല്ലുന്നതാണിത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കി​ന്‍റെ ശാഖ തന്നെ സ്ഥാപിച്ച് വളരെ സൂക്ഷ്മമായ ആസൂത്രണത്തോടെയാണിത് നടത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ശാഖ സൃഷ്ടിച്ച് അനധികൃത നിയമനങ്ങൾ, വ്യാജ പരിശീലന സെഷനുകൾ, തൊഴിലില്ലാത്ത വ്യക്തികളെയും പ്രാദേശികരായ ഗ്രാമീണരെയും വഞ്ചിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങൾ എന്നിവ ഒരേസമയം കോർത്തിണക്കിയാണ് ​കുറ്റവാളികൾ വിലസിയത്. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെ ശക്തി ജില്ലയിലെ ഛപ്പോര എന്ന ഗ്രാമത്തിലാണിത്. എസ്‌.ബി.ഐയിൽ നിയമാനുസൃത ജോലിയെന്ന് വിശ്വസിപ്പിച്ച് ആറ് വ്യക്തികളെ റിക്രൂട്ട് ചെയ്തു.

വെറും 10 ദിവസം മുമ്പ് തുറന്ന ശാഖയിൽ ഒരു യഥാർത്ഥ ബാങ്കി​ന്‍റെ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. പുതിയ ഫർണിച്ചർ, പ്രഫഷണൽ പേപ്പറുകൾ, സജീവമായ കൗണ്ടറുകൾ തുടങ്ങി ഒരു യഥാർഥ ബാ​ങ്കെന്ന് തോന്നിപ്പിക്കുന്ന എല്ലാം അവിടെയുണ്ടായിരുന്നു. വമ്പൻ സെറ്റ​പ്പോടെ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് അറിയാതെ ഗ്രാമവാസികൾ അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും ‘ബാങ്കി’ലെത്തി. ഒരു പ്രമുഖ ബാങ്കിൽ ജോലി ഉറപ്പിച്ചതി​ന്‍റെ ആവേശത്തിലായിരുന്നു പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർ.

സെപ്റ്റംബർ 27ന് അടുത്തുള്ള ദാബ്ര ബ്രാഞ്ച് മാനേജർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഉന്നത പൊലീസും എസ്.ബി.ഐ ഉദ്യോഗസ്ഥരും ബാങ്കിൽ ചോദ്യം ചെയ്യലിന് എത്തുന്നതുവരെ എല്ലാം സാധാരണ നിലയിലായിരുന്നു. ഛപ്പോരയിലെ ‘ബ്രാഞ്ച്’ തട്ടിപ്പാണെന്നും നിയമനങ്ങൾ വ്യാജമാണെന്നും അന്വേഷണത്തിൽ അവർ കണ്ടെത്തി. വ്യാജരേഖകൾ ഉപയോഗിച്ചാണ് നിരവധി ജീവനക്കാരെ നിയമിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജേഷ് പട്ടേൽ പറഞ്ഞു. രേഖാ സാഹു, മന്ദിർ ദാസ്, വ്യാജ എസ്.ബി.ഐ ശാഖയുടെ മാനേജരായി വേഷമിട്ട പങ്കജ് എന്നിവരുൾപ്പെടെ നാലുപേരെ ഇതിനകം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഒരിക്കലും സംശയം തോന്നാത്ത ഓഫർ ലെറ്ററുകളിലൂടെ മാനേജർമാർ, മാർക്കറ്റിങ് ഓഫിസർമാർ, കാഷ്യർമാർ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകൾ തന്നെ നൽകിയാണ് വ്യാജ ബ്രാഞ്ച് ജീവനക്കാരെ നിയമിച്ചത്. റിക്രൂട്ട് ചെയ്തവർക്കെല്ലാം തട്ടിപ്പുകാർ പരിശീലനവും നൽകി. പ്രൈസ് ടാഗോടെയാണ് അവർക്ക് ഈ ജോലി ഓഫർ വന്നത് എന്നതിനാൽ ജീവനക്കാർ അവരുടെ സ്ഥാനങ്ങൾ സുരക്ഷിതമാക്കാൻ രണ്ട് ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ നൽകുകയും ചെയ്തു. തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ തൊഴിൽ രഹിതരിൽനിന്ന് ഫീസ് ആവശ്യപ്പെടുകയും പകരം അവർക്ക് ലാഭകരമായ സർക്കാർ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.

പ്രദേശവാസിയായ അജയ് കുമാർ അഗർവാൾ ഛപ്പോരയിൽ എസ്.ബി.ഐയുടെ കിയോസ്കിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, ഒറ്റരാത്രികൊണ്ട് പെട്ടെന്ന് ഒരു എസ്.ബി.​ഐ ബ്രാഞ്ച് പ്രത്യക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോൾ അഗർവാളിന് തോന്നിയ സംശയമാണ് ഇതി​ന്‍റെ യഥാർഥ മുഖം പുറത്തുകൊണ്ടുവന്നത്. ഒരു അറിയിപ്പും കൂടാതെ ഒരു പുതിയ ശാഖ തുറക്കാൻ കഴിയുമെന്നത് അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദാബ്രയിലായിരുന്നു അഗർവാളി​ന്‍റെ അറിവിൽ ഏറ്റവും അടുത്തുള്ള നിയമാനുസൃത എസ്.ബി.ഐ ബ്രാഞ്ച്. അദ്ദേഹത്തി​ന്‍റെ അന്വേഷണത്തിൽ ബാങ്കി​ലെ ജീവനക്കാർ തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. സൈൻബോർഡിൽ ബ്രാഞ്ച് കോഡൊന്നും രേഖപ്പെടുത്തിയിരുന്നുമില്ല. തുടർന്ന് ഇദ്ദേഹം ദാബ്ര ബ്രാഞ്ച് മാനേജർക്ക് നൽകിയ റിപ്പോർട്ടാണ് ഈ സങ്കീർണ്ണമായ തട്ടിപ്പി​ന്‍റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്. ഗ്രാമവാസിയായ തോഷ് ചന്ദ്രയുടെ വാടക കോംപ്ലക്‌സിലാണ് വ്യാജ എസ്.ബി.ഐ ശാഖ ആരംഭിച്ചത്. പ്രതിമാസം 7,000 രൂപയായിരുന്നു വാടക.

കോർബ, ബലോഡ്, കബീർധാം, ശക്തി എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിലില്ലാത്ത വ്യക്തികളായിരുന്നു അവരുടെ പ്രഥമലക്ഷ്യം. ‘ഞാനെന്‍റെ രേഖകൾ സമർപ്പിച്ചു. ബയോമെട്രിക്സ് പൂർത്തിയാക്കി. ​ജോലിക്കെടുത്തുവെന്നും അവരെന്നോട് പറഞ്ഞു. 30,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തു’വെന്നും ജ്യോതി യാദവ് എന്നയാൾ പറഞ്ഞു. ‘എന്നോട് 5 ലക്ഷം ആവശ്യപ്പെട്ടു. അത്രയും നൽകാൻ കഴിയില്ലെന്ന് ഞാനവരോട് പറഞ്ഞു. ഒടുവിൽ 2.5 ലക്ഷം രൂപക്ക് തീർപ്പാക്കി. എനിക്ക് 30നും 35,000നും ഇടക്ക് ശമ്പളം വാഗ്ദാനം ചെയ്തു’വെന്ന് മറ്റൊരു ഇരയായ സംഗീത കൻവാറും പറഞ്ഞു.പുതിയ ശാഖയുടെ വരവോടെ നിരവധി ഗ്രാമീണർ ആവേശഭരിതരായിരുന്നുവെന്നും ബാങ്ക് പൂർണമായി പ്രവർത്തനക്ഷമമായാൽ വായ്പയെടുക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നുവെന്നും പ്രാദേശിക കട ഉടമയായ യോഗേഷ് സാഹു പറഞ്ഞു.

വ്യാജബാങ്ക് തുടർന്നിരുന്നെങ്കിൽ പലരും പണം നിക്ഷേപിക്കുകയും കോടികൾ തട്ടിയെടുക്കുകയും ചെയ്യുമായിരുന്നുവെന്ന് ഗ്രാമവാസിയായ രാംകുമാർ ചന്ദ്ര പറയുന്നു. തൊഴിൽ രഹിതരായ ഇരകൾ ഇപ്പോൾ സാമ്പത്തിക നഷ്ടം മാത്രമല്ല നിയമപരമായ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. ഇവരിൽ പലരും ആഭരണങ്ങൾ പണയപ്പെടുത്തിയും വായ്പയെടുത്തുമാണ് വ്യാജ നിയമനങ്ങൾക്ക് തലവെച്ചത്. ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് എല്ലാവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhmoney lootingFinacial fraudFake SBI Branch
News Summary - Fake SBI Branch Comes Up In Chhattisgarh, People Duped Of Lakhs
Next Story