ഭീഷണി തുടരുന്നു; വലഞ്ഞ് വിമാനക്കമ്പനികൾ
text_fieldsന്യൂഡൽഹി: വ്യാജ ഭീഷണി സന്ദേശങ്ങളിൽ വലഞ്ഞ് ഇന്ത്യൻ വിമാനക്കമ്പനികൾ. വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കെതിരെയാണ് ഭീഷണിയുണ്ടായത്. എയർ ഇന്ത്യയുടെ നെവാർക്ക്-മുംബൈ വിമാനം ഭീഷണിയുണ്ടായതോടെ പരിശോധനകൾ പൂർത്തിയാക്കി വൈകിയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ദുബൈ-ജയ്പൂർ എയർ ഇന്ത്യ എക്സ്പ്രസ് ഭീഷണിയെത്തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ വിദൂര പാർക്കിങ് ബേയിലാണ് ലാൻഡ് ചെയ്തത്. ഇവിടെ നടത്തിയ പരിശോധനയിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ബോംബ് ഭീഷണിയെത്തുടർന്ന് വിസ്താരയുടെ ഡൽഹി-ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് സർവിസ് നടത്തുന്ന യു.കെ 17 വിമാനത്തിന് നേരെയാണ് ഭീഷണിയുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചമുതൽ ശനിയാഴ്ചവരെ ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകളിലായി 40-ലധികം വിമാനങ്ങൾക്കാണ് വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ബോംബ് ഭീഷണിയെതുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിലൂടെയാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതുവരെ ലഭ്യമായ മുഴുവൻ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഉന്നതതല യോഗം വിഷയം ചർച്ച ചെയ്തിരുന്നു.
വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) എന്നിവയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.