പെൺകുട്ടിയെ കത്തികാട്ടി 'ലൗജിഹാദിനായി' ഭീഷണിപ്പെടുത്തി യുവാവെന്ന പേരിൽ ദൃശ്യം; സത്യമിതാണ്
text_fieldsഹിന്ദു യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്ന മുസ്ലിം യുവാവ് എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. 'ഒരു ലൗജിഹാദി ഹിന്ദു പെൺകുട്ടിയെ മതം മാറി തന്നെ വിവാഹം കഴിക്കാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യം' എന്ന പേരിൽ നിരവധി ഹിന്ദുത്വ പ്രൊഫൈലുകൾ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ചിരുന്നു.
കാജൽ ഹിന്ദുസ്ഥാനി എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ ആണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. 'ഹിന്ദു പെൺകുട്ടിയെ ഒരു ലൗ ജിഹാദി കത്തികാട്ടി ട്രാപ്പിൽ പെടുത്തുന്നത് കാണൂ' എന്നായിരുന്നു ഇയാൾ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. തീവ്ര ഹിന്ദുത്വ വലതുപക്ഷ ചാനലായ സുദർശൻ ടി.വിയുടെ തലവൻ മുകേഷ് കുമാർ പോസ്റ്റ് ഷെയർ ചെയ്തു. നൂറ് കണക്കിന് ഹിന്ദുത്വ പ്രൊഫൈലുകൾ ദൃശ്യം പങ്കുവെച്ചു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടു.
എന്നാൽ, 'ആൾട്ട് ന്യൂസ്' നടത്തിയ അന്വേഷണത്തിൽ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവന്നത്. ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകനായ വികാസ് സിങ് ചൗഹാൻ പകർത്തിയ ദൃശ്യങ്ങളാണ് യഥാർത്ഥത്തിൽ ഇത്. സാനു എന്ന പേരിൽ അറിയപ്പെടുന്ന പീയൂഷ് എന്ന യുവാവ് ഏതാനും നാളുകൾക്ക് മുമ്പ് ഇന്ദോർ നഗരത്തിൽ പെൺകുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായും വാർത്തയിൽ പറയുന്നു. ഈ ദൃശ്യമാണ് മുസ്ലിം യുവാവ് ഹിന്ദു പെൺകുട്ടിയെ കത്തികാട്ടി ലൗജിഹാദിനായി ഭീഷണിപ്പെടുത്തുന്നു എന്ന പേരിൽ ഹിന്ദുത്വ പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങിൽ പ്രചരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.