ട്വിറ്ററിൽ വ്യാജൻമാർ പുറത്ത്; പിന്തുടരുന്നവരുടെ എണ്ണമിടിഞ്ഞ് മോദിയും രാഹുലും
text_fieldsന്യൂഡൽഹി: തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നത് തടയാനുള്ള ശ്രമത്തിെൻറ ഭാഗമായി ജനപ്രിയ സമൂഹമാധ്യമമായ ട്വിറ്റർ ഇക്കഴിഞ്ഞ മാസങ്ങളിൽ റദ്ദാക്കിയത് 10 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകൾ. ഫോളോവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന ബോട്ട് അക്കൗണ്ടുകൾ (മനുഷ്യൻ കൈകാര്യം ചെയ്യാത്ത, സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ നിയന്ത്രിക്കുന്ന ഒാട്ടോമേറ്റഡ് അക്കൗണ്ടുകൾ) തുടക്കത്തിലേ കണ്ടെത്താനും നിരീക്ഷിച്ച് റദ്ദാക്കാനുമാണ് ട്വിറ്ററിെൻറ ശ്രമം.
വ്യാജ അക്കൗണ്ടുകൾ നീക്കാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി തുടങ്ങിയവരടക്കമുള്ള പ്രമുഖരുടെ ഫോളോവർമാരുടെ എണ്ണം കുറയാൻ ഇടയാക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള 50,000ത്തിലധികം അക്കൗണ്ടുകളാണ് ദിവസവും ബ്ലോക്ക് ചെയ്യുന്നതെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു.
വ്യാജവാർത്തകൾ തടയാൻ ഇത്തരം ബോട്ട് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്കുമേൽ പാശ്ചാത്യരാജ്യങ്ങളുടെയടക്കം സമ്മർദമുണ്ട്. വ്യാജവാദങ്ങൾ പ്രചരിപ്പിക്കാനും വിവാദ വിഷയങ്ങളിൽ പൊതുജന വികാരം ഉണർത്താനുമാണ് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
ട്വിറ്റർ ഒാഡിറ്റിെൻറ കണക്കുകൾ പ്രകാരം നരേന്ദ്ര മോദിക്കും ഡോണൾഡ് ട്രംപിനും രാഹുൽ ഗാന്ധിക്കുമൊക്കെ ആയിരക്കണക്കിന് വ്യാജ ഫോളോവർമാരുണ്ട്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള മൂന്നാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. മോദിയുടെ 4.3 കോടി ഫോളോവർമാരിൽ 23 ശതമാനവും വ്യാജന്മാരാണെന്നാണ് (3.3 കോടി മാത്രമാണ് യഥാർഥ അക്കൗണ്ടുകൾ) സമൂഹമാധ്യമ വിശകലന സ്ഥാപനമായ ട്വിറ്റർ ഒാഡിറ്റ് ഈയിടെ കണ്ടെത്തിയത്.
രാഹുൽ ഗാന്ധിയുടെ 70 ലക്ഷം ഫോളോവർമാരിൽ 36 ശതമാനം (20 ലക്ഷത്തിലധികം) വ്യാജ അക്കൗണ്ടുകളാണ്. ഡോണൾഡ് ട്രംപിെൻറ 5.1 കോടി ഫോളോവർമാരിൽ 86 ശതമാനം മാത്രമാണ് യഥാർഥ അക്കൗണ്ടുകൾ. ബി.ജെ.പിയുടെ ഫോളോവർമാരിൽ 30 ശതമാനവും കോൺഗ്രസിെൻറ ഫോളോവർമാരിൽ 21 ശതമാനവും വ്യാജ അക്കൗണ്ടുകളാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ വിരാട് കോഹ്ലിയുടെ ഫോളോവർമാരിൽ 50 ശതമാനവും (1.42 കോടി) വ്യാജ അക്കൗണ്ടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.