തകർന്നു, നിതീഷ്
text_fieldsഎൻ.ഡി.എയുടെ നേട്ടത്തിനിടയിലും, തകർന്നു പോയത് മുഖ്യമന്ത്രി നിതീഷ്കുമാർ. തണൽപറ്റി നിന്ന ബി.ജെ.പി, വല്യേട്ടനെ വിഴുങ്ങി. ബിഹാറിെൻറ മണ്ണിൽ 15 വർഷമായി അനിഷേധ്യ നേതാവായി നിന്ന നിതീഷ് ഇനി ബി.ജെ.പിയുടെയും മോദി-അമിത് ഷാമാരുടെയും ആശ്രിതൻ. ബിഹാറിൽ കാലുകുത്താൻ മോദിക്ക് നിതീഷിെൻറ അനുമതി കാത്തുകിടക്കേണ്ടി വന്ന സ്ഥിതിയിൽനിന്നാണ് ഈ വീഴ്ച. പ്രതിപക്ഷത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയായി കണ്ട കാലത്തുനിന്നാണ് ഈ പതനം. കളം തെളിഞ്ഞ് തെരഞ്ഞെടുപ്പിനു മുമ്പത്തെ പ്രഖ്യാപനം അനുസരിച്ച് നിതീഷ് വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അവസരം കിട്ടിയാൽ, അത് ബി.ജെ.പിയുടെ കാരുണ്യം. ആത്മാഭിമാനം അതിനു സമ്മതിക്കാത്ത വിമ്മിട്ടം ഒരുവശത്ത്. പദവി സ്വീകരിച്ചില്ലെങ്കിൽ ബിഹാർ രാഷ്ട്രീയത്തിെൻറ മൂലക്കൊതുങ്ങിപ്പോവുന്ന സ്ഥിതി മറുവശത്ത്. ഇനിയങ്ങോട്ട് ഡൽഹിയിൽനിന്നുള്ള ബി.ജെ.പിയുടെ തീട്ടൂരങ്ങൾക്കൊത്ത് നീങ്ങേണ്ട ദുഃസ്ഥിതി.
പതിറ്റാണ്ടുകൾക്കിടെ നിതീഷ് ആർജിച്ച ജനസമ്മതി എവിടെപ്പോയി? കഴിഞ്ഞ തവണ മഹാസഖ്യത്തെ നയിച്ച് മത്സരിച്ചയാൾ ബി.ജെ.പി പാളയത്തിലെത്തിയതു വഴി നഷ്ടപ്പെട്ട വിശ്വാസ്യതതന്നെ അതിൽ പ്രധാനം. ബിഹാറിെൻറ വികസന നായകൻ എന്ന നിലയിൽ ന്യൂനപക്ഷ വോട്ട് വലിയൊരളവിൽ സമാഹരിക്കാൻ മുൻകാലത്ത് നിതീഷിന് കഴിഞ്ഞിരുന്നു. എന്നാൽ മോദിയുമായുള്ള സഖ്യം ആ വോട്ടു ബാങ്ക് ചോർത്തിക്കളഞ്ഞു. സഖ്യകക്ഷിയായ ചിരാഗ് പാസ്വാെൻറ സ്ഥാനാർഥികൾ പലരുടെയും ജയസാധ്യത വെട്ടിനുറുക്കി.
സ്വന്തം സമുദായമായ കുർമികൾക്കൊപ്പം അതിപിന്നാക്കമായ മഹാദലിത് വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കിയതായിരുന്നു നിതീഷിെൻറ വിജയ തന്ത്രം. എന്നാൽ സഖ്യകക്ഷിയുടെ വോട്ടുബാങ്ക് കാർന്നുതിന്ന് ബി.ജെ.പി പിന്നാക്ക വിഭാഗ വോട്ടുകൾ പോക്കറ്റിലാക്കി. ബി.ജെ.പിയുടെ പിന്തുണയില്ലാതെ മത്സരിച്ചാൽ രണ്ടക്ക സീറ്റു നില കൈവരിക്കാൻപോലും കഴിയാത്ത സ്ഥിതിയിലാണ് ഇന്ന് നിതീഷ്.
വികസന നായകൻ, ജനക്ഷേമ തൽപരൻ എന്നൊക്കെയുള്ള പ്രതിച്ഛായ പൊലിഞ്ഞു. ഔദ്യോഗിക വസതിയിൽനിന്ന് പുറത്തിറങ്ങാതെ കോവിഡ് മഹാമാരി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയാണ് നിതീഷ്കുമാർ. 40 ലക്ഷം വരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ ദുരിതവും പേറി ബിഹാറിലേക്ക് മടങ്ങിയെത്തിയപ്പോൾ, അവരുടെ പ്രശ്നങ്ങൾക്കു നേരെ നിതീഷ് കണ്ണടച്ചു. വികസന മുരടിപ്പും തൊഴിലില്ലായ്മയുമാണ് ഇന്ന് ബിഹാറിെൻറ മുഖമുദ്ര. പ്രളയക്കെടുതി നേരിട്ടവർക്ക് പുനരധിവാസം നൽകുന്നതിലും നിതീഷ് കാര്യമായൊന്നും ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.