Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമീർ വാങ്കഡെക്കെതിരെ...

സമീർ വാങ്കഡെക്കെതിരെ ആരോപണവുമായി റിട്ട. എ.സി.പി; മകനെ കള്ളക്കേസിൽ കുടുക്കിയെന്ന്

text_fields
bookmark_border
Sameer Wankhede
cancel
camera_alt

സമീർ വാങ്കഡെ

മുംബൈ: ആരോപണങ്ങളുടെ ശരശയ്യയിൽ കഴിയുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം. റിട്ട. പൊലീസ് അസി. കമീഷണറാണ് (എ.സി.പി) തന്‍റെ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സംഭവത്തിൽ കോടതി എൻ.സി.ബിയോട് വിശദീകരണം തേടി.

റിട്ട. എ.സി.പി ആനന്ദ് കെഞ്ചാലെ ആണ് സമീർ വാങ്കഡെക്കെതിരെ സത്യവാങ്മൂലം നൽകിയത്. തന്‍റെ മകൻ ശ്രേയസ് കെഞ്ചാലെയെ സമീർ വാങ്കഡെ കഞ്ചാവു കേസിൽ കുടുക്കിയെന്നാണ് ആനന്ദിന്‍റെ ആരോപണം.

ജൂൺ 22ന് രാത്രിയാണ് ശ്രേയസ് കെഞ്ചാലെയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കഞ്ചാവ് കേസിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. തന്‍റെ മകനെ അറസ്റ്റ് ചെയ്യുമ്പോൾ സമീർ വാങ്കഡെ സ്ഥലത്തുണ്ടായിരുന്നെന്നും ഇക്കാര്യം സാക്ഷി പ്രസ്താവനയിലും മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആനന്ദ് കെഞ്ചാലെ പറയുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സമീർ വാങ്കഡെയുടെ സാന്നിധ്യം വ്യക്തമാകുമെന്നും ഇവർ പറയുന്നു.

അറസ്റ്റ് ദിവസം രാത്രി 9.47ന് സമീർ വാങ്കഡെ വീടിന്‍റെ പ്രധാന ഗേറ്റിലൂടെ ഉള്ളിൽ കടക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് ഇവർ പറയുന്നു. ഇവിടെ വെച്ച് മറ്റൊരു എൻ.സി.ബി ഓഫിസറായ വി.വി. സിങ്ങുമൊത്തുള്ള വാങ്കഡെയുടെ ദൃശ്യങ്ങളുമുണ്ട്. ആര്യൻ ഖാൻ കേസിലെ അന്വേഷണ സംഘത്തിലും വി.വി. സിങ് അംഗമാണ്. 10.50ഓടെയാണ് വാങ്കഡെ സ്ഥലത്തുനിന്ന് പോകുന്നത്. എന്നാൽ, സോണൽ ഡയറക്ടർ സ്ഥലത്തുണ്ടായിരുന്ന കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

300 ഗ്രാം കഞ്ചാവും 436 എൽ.എസ്.ഡി ബ്ലോട്ടും ശ്രേയസിൽ നിന്ന് പിടികൂടിയെന്നാണ് എൻ.സി.ബി കേസ്. പിടിച്ചെടുത്ത കഞ്ചാവ് സീൽ ചെയ്ത് പാക്ക് ചെയ്തെന്നാണ് സാക്ഷി പ്രസ്താവനയിലുള്ളത്. എന്നാൽ, 11.25ഓടെ എൻ.സി.ബി സംഘം തിരിച്ചുപോകുമ്പോഴുള്ള ദൃശ്യങ്ങളിൽ സീൽ ചെയ്യാത്ത ബാഗാണുള്ളതെന്നാണ് സംശയിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

സാക്ഷിപ്രസ്താവനയുടെ കോപ്പി നൽകാൻ ഉദ്യോഗസ്ഥരോട് താൻ ആവശ്യപ്പെട്ടിട്ടും തന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എൻ.സി.ബി ഓഫിസിൽ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. പിന്നീട്, എൻ.സി.ബിക്ക് ഇ-മെയിൽ അയച്ചു. ഇതിന് പിന്നാലെ തന്‍റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. മറുപുറത്ത് മകനായിരുന്നു സംസാരിച്ചത്. സാക്ഷിപ്രസ്താവന ആവശ്യപ്പെട്ട് മെയിൽ അയക്കരുതായിരുന്നെന്നും എൻ.സി.ബി വലിയൊരു കേസിൽ തന്നെ ഉൾപ്പെടുത്തുമെന്നുമാണ് മകൻ പറഞ്ഞതെന്ന് റിട്ട. എ.സി.പി പറയുന്നു.

സംഭവത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയോട് ഒരാഴ്ചക്കകം മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ഏതാനും ദിവസം മുമ്പ് സമീർ വാങ്കഡെക്കെതിരെ ഗുരുതര ആരോപണവുമായി മയക്കുമരുന്ന് കേസിലെ പ്രതി രംഗത്തെത്തിയിരുന്നു. വ്യക്തിവിരോധം തീര്‍ക്കാന്‍ സമീര്‍ വാങ്കഡെ മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് 20കാരനായ സയിദ് റാണെ ആരോപിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലായിരുന്നു സയിദ് റാണയുടെ ആരോപണം.

കഴിഞ്ഞ ഏപ്രിലിലാണ് റാണയെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈ അന്ധേരിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 1.32 ഗ്രാം എല്‍എസ്ഡി, 22 ഗ്രാം കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റാണയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം റെയ്ഡിനിടെ സ്‌കൂട്ടറില്‍ നിന്നും മുറിയില്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നുകള്‍ സമീര്‍ വാങ്കഡെ തന്നെ കൊണ്ടുവന്നിട്ടതെന്നാണ് റാണെയുടെ ആരോപണം.

അന്ധേരിയില്‍ സമീര്‍ വാങ്കഡെയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റിലാണ് റാണ താമസിച്ചിരുന്നത്. വാങ്കഡെ വാടകയ്ക്ക് നല്‍കിയിരുന്ന ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന വാടകക്കാരും റാണയുടെ കുടുംബവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വാങ്കഡെ റാണയ്‌ക്കെതിരേ കള്ളക്കേസ് ചമച്ചുണ്ടാക്കിയതെന്നും റാണയുടെ അഭിഭാഷകനായ അശോക് സരോഗി കോടതിയെ അറിയിച്ചു.

റെയ്ഡ് നടക്കുമ്പോള്‍ സമീര്‍ വാങ്കഡെയും ഫ്‌ളാറ്റിലെത്തിയിരുന്നു. എന്നാല്‍ എന്‍സിബി കുറ്റപത്രത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. വാങ്കഡെ ഫ്‌ളാറ്റില്‍ എത്തിയതിന് തെളിവുകളുണ്ടെന്നും ഇവ ലഭിക്കാന്‍ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCBAryan KhanSameer Wankhede
News Summary - False drug case foisted on my son by NCB, Sameer Wankhede: Retired Mumbai ACP
Next Story