'തെറ്റായ മരണവാർത്ത അവർക്ക് ദീർഘായുസ് നൽകും'; വ്യാജവാർത്തക്കെതിരെ സുമിത്ര മഹാജൻ
text_fieldsന്യൂഡൽഹി: ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവർക്ക് ദീർഘായുസ് നൽകുമെന്ന് മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. തന്‍റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സുമിത്ര മഹാജൻ പ്രതികരണവുമായെത്തിയത്. ഹാസ്യരൂപേണയായിരുന്നു പ്രതികരണം.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് സുമിത്ര മഹാജൻ അന്തരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ശശി തരൂർ എം.പി അനുശോചന ട്വീറ്റ് ചെയ്തതോടെ കാട്ടുതീ പോലെ വ്യാജവാർത്ത പടർന്നു. പിന്നീട് അദ്ദേഹം ട്വീറ്റ് പിൻവലിക്കുകയും മാപ്പ് പറയുകയുമായിരുന്നു. രണ്ടുദിവസം മുമ്പ് 78കാരിയായ സുമിത്ര മഹാജനെ ഇന്ദോറിെല ബോംബെ ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു. മരുമകൾക്കും കൊച്ചുമക്കൾക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സുമിത്ര മഹാജന്‍റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുമിത്ര മഹാജൻ അന്തരിച്ചുവെന്ന വാർത്തയാണ് പരന്നത്.
'തന്‍റെ ഇളയമകൻ മന്ദർ മഹാജൻ മരണവാർത്ത പരന്നതോടെ എന്നെ വിളിക്കുകയായിരുന്നു. എന്നെ സന്ദർശിച്ച് ആരോഗ്യം വിലയിരുത്തി തിരിച്ച് പോയതിന് ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് അവൻ വീണ്ടും വിളിച്ചത്. അപ്പോഴാണ് ഞാൻ സംഭവം അറിയുന്നത്' -സുമിത്ര മഹാജൻ പറഞ്ഞു.
'പിന്നീട് പലയിടങ്ങളിൽനിന്നും ഫോൺ വിളികളുടെ ഒഴുക്കായിരുന്നു. ഞാൻ എല്ലാവരോടും മറുപടി പറഞ്ഞു. എന്നാൽ എന്‍റെ ആശങ്ക മൂത്ത സഹോദരനെയും സഹോദരിയെയും കുറിച്ചായിരുന്നു. കാരണം മഹാരാഷ്ട്രയിലെ ടെലിവിഷൻ ചാനലുകളിൽ വാർത്തകൾ നിറഞ്ഞിരുന്നു. അമേരിക്കയിലെ മകനോട് ഞാൻ ആരോഗ്യവാനായിരിക്കുന്നുവെന്ന് അറിയിക്കാൻ മരുമകളെ ചുമതലപ്പെടുത്തി' -അവർ പറഞ്ഞു.
തരൂരിന്‍റെ ട്വീറ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയ് വാർഗിയ രംഗത്തെത്തിയിരുന്നു. സുമിത്ര മഹാജന് സുഖമായിരിക്കുന്നുവെന്നും ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു വാർഗിയയുടെ ട്വീറ്റ്. ഇതിനുപിന്നാലെയാണ് പിഴവ് തിരുത്തിയ വിജയ് വാർഗിയക്ക് നന്ദി രേഖപ്പെടുത്തി അനുശോചനം അറിയിച്ച ട്വീറ്റ് നീക്കം ചെയ്തതായി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.