കോവിഡ് ആഘാതം: പണമില്ല, ഭക്ഷണം രണ്ടുനേരമാക്കി കുടുംബങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡിൽ മുണ്ടുമുറുക്കിയുടുത്ത് രാജ്യത്തെ കുടുംബങ്ങളും. മഹാമാരിയെ നേരിടാൻ പ്രഖ്യാപിച്ച ലോക്ഡൗൺ സാധാരണക്കാരെ വരിഞ്ഞുമുറുക്കിയെന്നും അവർ വെറും രണ്ടുനേരത്തെ ഭക്ഷണത്തിലേക്ക് ചുരുങ്ങിയെന്നും സർവേ. വേൾഡ് വിഷൻ ഏഷ്യ പസഫിക് എന്ന സന്നദ്ധ സംഘടനയാണ് ‘ഏഷ്യയിലെ ഏറ്റവും ദുർബലരായ കുട്ടികളിൽ കോവിഡിെൻറ ആഘാതം’ അനാവരണം ചെയ്യുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ സർവേയിൽ 55.1 ശതമാനം വീടുകൾ കോവിഡ് കാലയളവിൽ രണ്ടു നേരത്തെ ഭക്ഷണത്തിലേക്ക് ചുരുങ്ങിയതായി കണ്ടെത്തി. ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ 5568 കുടുംബങ്ങളിലാണ് സർവേ നടത്തിയത്.
കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക ദുരിതങ്ങൾ കുട്ടികളുടെ ക്ഷേമത്തെ ദോഷകരമായി ബാധിച്ചു. ഭക്ഷണം, പോഷകാഹാരം, ആരോഗ്യ പരിപാലനം, അവശ്യ മരുന്നുകൾ, ശുചിത്വം, സുരക്ഷ എന്നിവയടക്കമുള്ളവയെ ഇത് ബാധിച്ചു. 24 സംസ്ഥാനങ്ങൾക്ക് പുറമെ ജമ്മു -കശ്മീർ, ഡൽഹി എന്നിവിടങ്ങളിലെ 119 ജില്ലകളിലുമായിരുന്നു സർവേ. 60 ശതമാനത്തിലേറെ വരുന്ന രക്ഷിതാക്കളുടേയും സംരക്ഷകരുടേയും ഉപജീവനത്തെ പൂർണമോ ഗുരുതരമോ ആയി കോവിഡ് ബാധിച്ചു.
ദിവസവേതനക്കാരുടെ ഉപജീവനമാണ് ഏറ്റവുമധികം ഇല്ലാതായത്. ഇത്തരം 67 ശതമാനം രക്ഷിതാക്കൾക്ക് ജോലി നഷ്ടമാകുകയോ വരുമാനം കുറയുകയോ ചെയ്തു. 40 ശതമാനത്തിലേറെ കുട്ടികൾ സമ്മർദത്തിനടിപ്പെട്ടിട്ടുണ്ട്. കുടുംബത്തിെൻറ വരുമാന നഷ്ടം, സ്കൂൾ അടക്കൽ, ക്വാറൻറീൻ എന്നിവ കുട്ടികൾക്ക് കടുത്ത മാനസിക- ശാരീരിക പീഡനമായി മാറിയതായി വേൾഡ് വിഷെൻറ റീജനൽ തലവൻ ചെറിയാൻ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.