റെംഡെസിവിർ മരുന്നിനായി മെഡിക്കൽ ഓഫിസറുടെ കാലിൽവീണ് രോഗികളുടെ ബന്ധുക്കൾ -വിഡിയോ
text_fieldsലഖ്നോ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവർ മരുന്നിന് വേണ്ടി മെഡിക്കൽ ഓഫിസറുടെ കാലിൽവീണ് രോഗികളുടെ ബന്ധുക്കൾ. യു.പിയിലെ നോയിഡയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ചീഫ് മെഡിക്കൽ ഓഫിസർ ദീപക് ഓഹ്റിയുടെ കാലിൽവീണ് മരുന്നിനായി അഭ്യർഥിക്കുകയാണ് ബന്ധുക്കൾ. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ മരുന്നുകൾക്ക് ഉൾപ്പെടെ വലിയ ക്ഷാമമാണ് നേരിടുന്നത്.
അതേസമയം, റെംഡെസിവിർ ആശുപത്രികളിൽ എത്താതെ കരിഞ്ചന്തയിൽ അനേക ഇരട്ടി വിലക്ക് വിൽക്കപ്പെടുന്നുണ്ട്. ഉൽപാദനം കൂട്ടി രാജ്യത്തുടനീളം ആവശ്യത്തിന് എത്തിക്കുമെന്ന് പലവട്ടം സർക്കാർ ആണയിട്ടിട്ടുണ്ടെങ്കിലും മരുന്ന് കരിഞ്ചന്തയിൽ മാത്രം കിട്ടുന്നതായി മാറിയത് ആശങ്ക വർധിപ്പിക്കുകയാണ്. അതും യഥാർഥ വിലയുടെ 10 ഇരട്ടിക്കും അതിലും കൂടിയ നിരക്കിൽ.
കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ 30,000-40,000 രൂപ വരെയാണ് ഒരു ഡോസിന് കരിഞ്ചന്തയിൽ ഇൗടാക്കുന്നത്. പലപ്പോഴും ഗുരുതരാവസ്ഥയിലായ രോഗികൾക്ക് റെംഡെസിവിർ നൽകണമെന്ന് സ്വകാര്യ ഡോക്ടർമാർ നിർദേശിക്കുന്നതിനാൽ ആശുപത്രിയിൽ ഇല്ലെങ്കിലും ചില ഇടപാടുകാർ വഴി സംഘടിപ്പിക്കാൻ നിർബന്ധിതരാകും. ഒരു രോഗിക്ക് ശരാശരി ആറു ഡോസ് വരെ വേണം. ഒരു ഡോസിന് 30,000 വേണ്ടിവരുേമ്പാൾ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും.
കോവിഡ് പൂർണമായി ഭേദമാക്കാൻ റെംഡെസിവിറിനാകുമെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നല്ല, അത് കോവിഡ് മരുന്നല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ, ഇന്ത്യയുൾപെടെ 50 ഓളം രാജ്യങ്ങൾ കോവിഡ് ചികിത്സക്ക് ഇത് ഉപയോഗിക്കാമെന്ന് പറയുന്നു. ഇതിന്‍റെ ഭാഗമായാണ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.