പുൽവാമയിലെ ഭരണകൂട വീഴ്ച്ച; മോദിയുടെ മൗനത്തെ വിമർശിച്ച് സൈനികരുടെ കുടുംബങ്ങൾ
text_fieldsപുൽവാമയിൽ കേന്ദ്ര സർക്കാറിനും ആഭ്യന്തരവകുപ്പിനും വീഴ്ച്ചയുണ്ടായി എന്ന ആരോപണത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ പ്രതിഷേധവുമായി വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങളാണ് തങ്ങൾക്ക് സത്യം അറിയണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. പുൽവാമ ആക്രമണ സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് പുതിയ സംഭവവികാസങ്ങൾ.
ആക്രമണത്തിൽ കൊല്ലപ്പെട്ട ബംഗാൾ സ്വദേശികളായ രണ്ട് സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങളുമായി ‘ദ ടെലഗ്രാഫ്’ ദിനപത്രം അഭിമുഖം നടത്തിയത് പുറത്തുവന്നിട്ടുണ്ട്. നാദിയ ജില്ലയിലെ തെഹട്ടയിൽ നിന്നുള്ള സുദീപ് ബിശ്വാസും ഹൗറയിലെ ബൗരിയയിൽ നിന്നുള്ള ബബ്ലു സാന്ദ്രയുമാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ‘ഈ നാല് വർഷത്തിനിടയിൽ, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ വ്യക്തമായ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല’-സുദീപിന്റെ പിതാവ് സന്യാസി ബിശ്വാസ് പത്രത്തോട് പറഞ്ഞു. 98 ബറ്റാലിയനിൽ അംഗമായ സുദീപ് 28-ാം വയസ്സിലാണ് മരിച്ചത്.
‘കേന്ദ്രം കാര്യങ്ങൾ വിശദീകരിക്കണം. ഞങ്ങൾക്ക് അതുകൊണ്ട് വലിയ കാര്യമില്ലെന്ന് അറിയാം. അത് എന്റെ സഹോദരനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുകയേ ഉള്ളൂ’-സുദീപിന്റെ സഹോദരി ജുംപ പറഞ്ഞു. സൈനികനായ ബബ്ലുവിന്റെ 71 കാരിയായ അമ്മ ബോണോമല സാന്ദ്രയും 36 കാരിയായ ഭാര്യ മിതയും തങ്ങൾക്ക് സത്യം അറിയാൻ താൽപ്പര്യമുണ്ടെന്ന് ടെലഗ്രാഫിനോട് പറഞ്ഞു. ബബ്ലുവിന് 10 വയസ്സുള്ള മകളാണുള്ളത്. ‘കനത്ത മഞ്ഞുവീഴ്ച്ച കാരണം അന്നത്തെ സൈനികനീക്കം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതിന് മാറ്റം വരാനുള്ള കാരണം ഇന്നും ദുരൂഹമാണ്’-ബബ്ലുവിന്റെ ഭാര്യ മിത പറയുന്നു.
പുൽവാമ ഭീകരാക്രമണവും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി മോദി സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. സുരക്ഷാവീഴ്ച സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ പാർട്ടികൾ സംയുക്ത നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാണ് പാർട്ടികളുടെ ധാരണ.
വിഷയത്തിൽ കേന്ദ്ര സർക്കാറിന്‍റെ മൗനം ദുരൂഹമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി സിറ്റിങ് ജഡ്ജി പുൽവാമയിലെ വീഴ്ച അന്വേഷിക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.