മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജെയ്ന്റെയും കുടുംബങ്ങൾ ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിഞ്ഞില്ല
text_fieldsന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിമാരായ മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയിനിന്റെയും കുടുംബങ്ങൾ ഇതുവരെ ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിഞ്ഞിട്ടില്ലെന്ന് ചൊവ്വാഴ്ച അധികൃതർ അറിയിച്ചു. മാർച്ച് 21നോ അതിനുമുമ്പോ ബംഗ്ലാവുകൾ ഒഴിയാൻ സിസോദിയയോടും ജെയിനിനോടും ആവശ്യപ്പെട്ടിരുന്നതായി പൊതുമരാമത്ത് വകുപ്പ് മാർച്ച് 14ന് അയച്ച കത്തിൽ പറയുന്നു.
ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ആഴ്ചകൾക്ക് ശേഷം, പുതുതായി ചുമതലയേറ്റ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്ക് ഇവരുടെ ബംഗ്ലാവുകൾ അനുവദിച്ചു ഉത്തരവായിരുന്നു. കത്ത് നൽകി എട്ട് ദിവസത്തിനകം അംഗീകാരം നൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിച്ചിരുന്ന മഥുര റോഡിലെ എബി-17 ബംഗ്ലാവിലാണ് സിസോദിയ താമസിച്ചിരുന്നത്. 2015ൽ ഡൽഹിയിൽ എ.എ.പി അധികാരത്തിലെത്തിയപ്പോഴാണ് സിസോദിയക്ക് ബംഗ്ലാവ് അനുവദിച്ചത്. ഭരദ്വാജിന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന രാജ് നിവാസ് മാർഗിലെ സിവിൽ ലൈൻസ് ബംഗ്ലാവിലാണ് ജെയിൻ താമസിച്ചിരുന്നത്.
അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയും ജെയിനും രാജിവച്ചതിനെ തുടർന്ന് രണ്ട് കാബിനറ്റ് പദവികൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇവരുടെ രാജി മാർച്ച് ഏഴിന് രാഷ്ട്രപതി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.