സംഭൽ: സഫർ അലിയെ സന്ദർശിക്കാൻ അനുവദിക്കുന്നില്ലെന്ന് കുടുംബം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിെന്റ പേരിൽ അറസ്റ്റിലായ ഷാഹി ജമാമസ്ജിദ് ഭരണസമിതി പ്രസിഡന്റ് സഫർ അലിയെ ജയിലിൽ സന്ദർശിക്കാൻ അനുവദിക്കുന്നില്ലെന്ന് കുടുംബത്തിെന്റ പരാതി. അദ്ദേഹത്തിെന്റ ജീവൻ അപകടത്തിലാണെന്നും കുടുംബം ആരോപിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള സർവേക്കിടെ നവംബർ 24നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്.
സഫർ അലിയെ ജയിലിൽ സന്ദർശിക്കാൻ തങ്ങൾക്ക് അനുമതി നിഷേധിച്ചെന്ന് മൂത്ത സഹോദരൻ മുഹമ്മദ് താഹിൽ അലി പറഞ്ഞു. കൊടും കുറ്റവാളിയോടെന്ന പോലെയാണ് സഹോദരനോട് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
70 വയസ്സുള്ളയാളാണ് സഹോദരൻ. മരുന്നുപോലും നൽകാൻ അധികൃതർ തയാറാകുന്നില്ല. പൊലീസ് മോശമായി പെരുമാറുകയാണ്. ഭരണകൂടം എല്ലാ അതിരുകളും ലംഘിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. സംഭൽ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഫർ അലി പൂർണമായി സഹകരിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ ശിക്ഷിക്കുകയാണുണ്ടായത്. കോടതിയിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് താഹിർ പറഞ്ഞു. സഫർ അലിയെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെജ മേളക്ക് അനുമതിയില്ല; സംഭലിൽ കനത്ത സുരക്ഷ
ലഖ്നോ: സംഭലിലെ ഷഹ്വാസ്പുർ സുര നഗ്ല ഗ്രാമത്തിൽ വാർഷിക നെജ മേളക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ കനത്തസുരക്ഷ സന്നാഹം. ചൊവ്വാഴ്ചയാണ് പരിപാടി നടത്തേണ്ടിയിരുന്നത്. ഗ്രാമത്തിലെ ദർഗയിൽ ആളുകൾ എത്തുകയോ അനുസ്മരണ പരിപാടികൾ നടത്തുകയോ ചെയ്യില്ലെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു.
കൊള്ളക്കാരനും അധിനിവേശകനും കൊലപാതകിയുമായ ഒരാളുടെ ഓർമ പുതുക്കാൻ വർഷങ്ങളായി നടത്തിവന്നിരുന്നതാണ് നെജ മേളയെന്ന് അദ്ദേഹം പറഞ്ഞു. സുൽത്താൻ മഹ്മൂദ് ഗസ്നവിയുടെ അനന്തരവനും സൈനിക കമാൻഡറുമായിരുന്ന സയ്യിദ് സാലാർ മസൂദ് ഗാസിയുടെ ഓർമ പുതുക്കാനാണ് നെജ മേള സംഘടിപ്പിക്കുന്നത്. അധികൃതർ നേരത്തേ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. രാജ്യത്തെ കൊള്ളയടിക്കാൻ വന്ന ഒരാളുടെ ഓർമയെ മഹത്വവത്കരിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.