കുടുംബപോരിൽ പതിവുകൾ തെറ്റി ബാരാമതി
text_fieldsമുംബൈ: കഴിഞ്ഞ നാലു പതിറ്റാണ്ടായി ബാരാമതിയിൽ മുറതെറ്റാത്ത ചിട്ടകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സമാപന സമ്മേളനമാണ്. അന്ന് ഉച്ചയൂണിന് പവാർ കുടുംബത്തിലെ സകലരും മറ്റ് എൻ.സി.പി നേതാക്കളും പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ വീട്ടിലുണ്ടാകും. ഊണ് കഴിഞ്ഞ് മയക്കവും കഴിഞ്ഞാണ് സമാപന സമ്മേളനത്തിന് ബാരാമതി ക്രിസ്ത്യൻ കോളനിയിലെ കനാലിനടുത്തുള്ള മൈതാനത്തേക്ക് പോകുന്നത്.
എന്നാൽ, ഇത്തവണ അത് തെറ്റും. പാർട്ടി പിളർത്തി ബി.ജെ.പി പാളയത്തിലേക്ക് പോയ ജ്യേഷ്ഠ പുത്രൻ അജിത് പവാർ, ഭാര്യ സുനേത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമാപന സമ്മേളനത്തിനായി മൈതാനം ബുക്ക് ചെയ്തു. മെയ് അഞ്ചിനാണ് സമാപന സമ്മേളനം. യഥാർഥ എൻ.സി.പി അജിത് പവാറിന്റെതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചതിനാൽ മൈതാനം അജിത് പവാറിന് കിട്ടുമെന്നുറപ്പ്. പതിവ് തെറ്റുന്നതിലെ സങ്കടം മറച്ചുവെക്കുന്നില്ല പവാറിന്റെ മകളും പവാർപക്ഷ എൻ.സി.പി സ്ഥാനാർഥിയുമായ സുപ്രിയ സുലെ.
അജിത് രാഷ്ട്രീയ മൈതാനത്തിറങ്ങും മുമ്പേ ശരദ് പവാർ തുടങ്ങിവെച്ച പതിവുകളാണിതെന്ന് സുപ്രിയ പറയുന്നു. സമാപന സമ്മേളനത്തെ മറ്റൊരു വിധം അവതരിപ്പിക്കുമെന്ന് അവർ പറഞ്ഞു. പവാർ കുടുംബത്തിലെ ആര് മത്സരിച്ചാലും കനേരി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്ര ദർശനത്തിനുശേഷം പ്രചാരണം തുടങ്ങുന്നതാണ് മറ്റൊരു പതിവ്. വെള്ളിയാഴ്ച പത്രിക സമർപ്പിച്ച സുപ്രിയ സുലെ ആ പതിവ് തെറ്റിച്ചില്ല.
ആദ്യമായാണ് പവാർ കുടുംബത്തിലെ അംഗങ്ങൾ പരസ്പരം മത്സരിക്കുന്നത്. ഇതിനുപിന്നിൽ ബി.ജെ.പിയാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. മണ്ഡലത്തിലേത് കുടുംബ പോരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിലാണ് മത്സരമെന്നുമുള്ള ബി.ജെ.പിയുടെ വിശദീകരണമാണ് അജിത് പവാർ മണ്ഡലത്തിൽ ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.