തീവ്രവാദികളുടെയും കല്ലേറുകാരുടെയും ബന്ധുക്കൾക്ക് കശ്മീരിൽ സർക്കാർ ജോലി ലഭിക്കില്ല - അമിത് ഷാ
text_fieldsന്യൂഡൽഹി: തീവ്രവാദികളുടെ കുടുംബാംഗങ്ങൾക്കും കല്ലേറുകാരുടെ ബന്ധുക്കൾക്കും ജമ്മു കശ്മീരിൽ സർക്കാർ ജോലി ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാർ തീവ്രവാദികളെ അമർച്ച ചെയ്യുന്നതോടൊപ്പം അത്തരം പരിസരം കൂടി ഇല്ലാതാക്കുകയാണെന്നും, അതിന്റെ ഫലമായി രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
“കശ്മീരിൽ ആരെങ്കിലും തീവ്രവാദ സംഘടനയിൽ ചേർന്നാൽ, അയാളുടെ കുടുംബത്തിലെ ആർക്കും സർക്കാർ ജോലി നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കല്ലേറിൽ ഏർപ്പെടുന്നവരുടെ ബന്ധുക്കൾക്കും സർക്കാർ ജോലി ലഭിക്കില്ല. എന്നാൽ തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും ഇത്തരം സംഘടനകളിൽ ചേർന്നതായുള്ള വിവരം നൽകുന്നവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകും. ചില മനുഷ്യാവകാശ സംഘടനകൾ ഈ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ സർക്കാറിനു തന്നെയാവും അന്തിമ വിജയം.
ഏറ്റുമുട്ടലുണ്ടാകുമ്പോൾ തീവ്രവാദികൾക്ക് കീഴടങ്ങാനുള്ള അവസരം നൽകാറുണ്ട്. അതിനു തയാറാവാത്തവരെയാണ് സൈന്യം വധിക്കുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന തീവ്രവാദികളെ മതാചാര പ്രകാരം ഒറ്റപ്പെട്ടയിടങ്ങളിലാവും ഇനിമുതൽ സംസ്കരിക്കുക. ഫലപ്രദമായ ഇടപെടലുകളിലൂടെ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറയ്ക്കാൻ സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. എൻ.ഐ.എയുടെ ഇടപെടലിലൂടെ തീവ്രവാദ സംഘടനകൾക്കു വരുന്ന ഫണ്ടിങ് ഇല്ലാതാക്കാനായി. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിച്ചു. ഖലിസ്താൻവാദിയായ അമൃതപാൽ സിങ്ങിനെ ഞങ്ങൾ ജയിലിലടച്ചു” -അമിത് ഷാ പറഞ്ഞു.
കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ എണ്ണം 2018ൽ 228 ആയിരുന്നത് 2023ൽ 50 ആയി കുറഞ്ഞെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷാ സേനയും തീവ്രവാദികളുമായി 2018ൽ 189 തവണ ഏറ്റുമുട്ടലുണ്ടായി. 2023ൽ ഇത് 40 ആയി കുറഞ്ഞു. 2018ൽ 55 സാധാരണക്കാർക്കും 91 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടപ്പോൾ, 2023ൽ ഇത് അഞ്ചും പതിനഞ്ചുമായി കുറഞ്ഞെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.