മൈസൂരിലെ അപ്പാർട്ട്‌മെൻ്റിൽ കുടുംബത്തിലെ നാല് അംഗങ്ങൾ മരിച്ച നിലയിൽ
text_fieldsമൈസൂർ: നഗരത്തിലെ വിശ്വേശ്വരയ്യ നഗറിലെ അപ്പാർട്ട്മെന്റിൽ കുടുംബത്തിലെ നാലംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചേതൻ (45), ഭാര്യ രൂപാലി (43), ഇവരുടെ മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചേതൻ തൂങ്ങിമരിക്കുന്നതിനു മുമ്പ് കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം.
രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ ഒന്നിലും ചേതനും ഭാര്യയും മകനും മറ്റൊരു വീട്ടിലുമായിരുന്നു. ചേതൻ ഹാസനിലെ ഗൊരൂർ സ്വദേശിയാണ്. ഭാര്യ മൈസൂരു സ്വദേശിയും. ചേതൻ യു.എസിലുള്ള തന്റെ സഹോദരനെ വിളിച്ചിരുന്നു. അവർ രൂപാലിയുടെ മാതാപിതാക്കളെ വിളിച്ച് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്ട്മെൻ്റ് സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മെക്കാനിക്കൽ എൻജിനീയറായിരുന്ന ചേതൻ 2019 ൽ മൈസൂരുവിലേക്ക് മാറുന്നതിന് മുമ്പ് ദുബൈയിൽ ജോലി ചെയ്തിരുന്നു. ഇവിടെ ലേബർ കോൺട്രാക്ടറായിരുന്നുവെന്നും ഓൺലൈൻ പ്രക്രിയയിലൂടെ തൊഴിലാളികളെ സൗദിയിലേക്ക് അയച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വിദ്യാരണ്യപുരം പൊലീസ് കേസെടുത്തതായും സംഭവം അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.