കോവിഡല്ല വില്ലൻ; 22 ദിവസത്തിനിടെ ഒരു കുടുംബത്തിൽ അഞ്ചുമരണം, അന്വേഷണം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 22 ദിവസത്തിനിടെ ഒരു കുടുംബത്തിൽ മരിച്ചത് അഞ്ചുപേർ. പ്രത്യക്ഷത്തിൽ കോവിഡ് മൂലമാണെന്നായിരുന്നു നിഗമനം. എന്നാൽ പരിശോധന ഫലങ്ങളിലെല്ലാം കോവിഡ് നെഗറ്റീവായിരുന്നു.
മരിച്ച അഞ്ചുപേർക്കും കോവിഡിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ആന്‍റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവാകുകയായിരുന്നു.
ഗോണ്ടയിലെ ചക്രൗത ഗ്രാമത്തിലെ അഞ്ചാനി ശ്രീവാസ്തവയുടെ കുടുംബത്തിനാണ് ഈ ദുരന്തം. ഏപ്രിൽ രണ്ടിന് അഞ്ചാനിയുടെ മുതിർന്ന സഹോദരൻ 56കാരനായ ഹനുമാൻ പ്രസാദ് മരിക്കുകയായിരുന്നു. ശ്വാസ തടസത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ ഹനുമാൻ പ്രസാദ് മരിച്ചിരുന്നു.
ഏപ്രിൽ 14ന് അഞ്ചാനിയുടെ മാതാവ് മാധുരി ദേവിയും മരിച്ചു. മൂത്തമകന്‍റെ മരണവാർത്ത അറിഞ്ഞതോടെ മാനസിക ദുഃഖത്തിലായിരുന്ന 75 കാരി മരിക്കുകയായിരുന്നു.
മാധുരി ദേവിയുടെ കൊച്ചുമകൻ സൗരഭ് പ്രയാജ്രാജിൽ പഠിക്കുകയായിരുന്നു. മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞ് സൗരഭ് വീട്ടിലെത്തി. തുടർന്ന് സൗരഭിന് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഗോണ്ടയിലെ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 16ന് മരിച്ചു.
മകൻ മരിച്ചതോടെ സൗരഭിന്‍റെ മാതാപിതാക്കൾ അസുഖബാധിതരാകുകയായിരുന്നു. ഇരുവരെയും നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഓക്സിജൻ പിന്തുണയോടെ ജീവിച്ചിരുന്ന ഇരുവരും പിന്നീട് മരിക്കുകയായിരുന്നു. ഏപ്രിൽ 22ന് മാതാവ് ഉഷ ശ്രീവാസ്ത്രവും ഏപ്രിൽ 24ന് പിതാവ് അശ്വനി ശ്രീവാസ്തവയും മരിച്ചു. ഇരുവർക്കും കടുത്ത പനിയുണ്ടായിരുന്നു. എന്നാൽ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
സംഭവം പുറത്തുവന്നതോടെ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ല ഭരണകൂടം അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അന്വേഷണത്തിൽ അഞ്ചുപേരുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ജില്ല അധികൃതരായ അഞ്ചനി ശ്രീവാസ്തവ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.