ദലിത് യുവാവിന്‍റെ ഘാതകരെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ; കുടുംബത്തിന്‍റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്
text_fieldsഹിസാർ: ഹരിയാനയിലെ ഹിസാറിൽ ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലേക്ക്. ഹിസാർ സിവിൽ ആശുപത്രിക്ക് മുമ്പിലാണ് ബന്ധുക്കൾ സമരം നടത്തുന്നത്.
വാട്ടർ പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് 40കാരനായ വിനോദ് സിങ്ങിനെ 17 അംഗ അക്രമിസംഘം മർദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിനോദിന്‍റെ സഹോദരങ്ങളായ സന്ദീപ്, ബാൽ സിങ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാൽ സിങ്ങിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
"ജാട്ട് വിഭാഗക്കാരാനാണ് പുതിയ ജോലി വാഗ്ദാനം ചെയ്ത് വിനോദിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഗോതമ്പ് പാടത്തെ ജോലിക്കായി പോയ ഭാർത്താവ് മടങ്ങിവരില്ലെന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങൾക്ക് ഒരു വയസുള്ള മകനുണ്ട്, ഇപ്പോൾ എനിക്കോ അവനോ ആരുമില്ല. ഞങ്ങൾ തനിച്ചായി. ദുഃഖത്തിലായ ഞങ്ങൾ ആശുപത്രിക്ക് മുമ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി" -സുമൻ പറയുന്നു.
"ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. 12 പേരടങ്ങുന്ന ഞങ്ങളുടെ കുടുംബം സഹോദരന്‍റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നിരാഹാരമിരിക്കാൻ തുടങ്ങിയിട്ട് 10 ദിവസമായി. പൊലീസ് നടപടിയിൽ ഞങ്ങൾ സംതൃപ്തരല്ല. ആറു പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് ആദ്യം പറഞ്ഞത്. ഇപ്പോൾ മറ്റൊന്ന് പറയുന്നു."
"ഈ വിഷയത്തിലെ പൊലീസിന്‍റെ അനാസ്ഥയാണ് ഞങ്ങളെ ഇവിടെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത്. ഞങ്ങൾ ദലിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആയതുകൊണ്ടാണ് അവർ ഇത്തരത്തിൽ പെരുമാറുന്നത്. പണമുള്ളവർക്ക് കൈക്കൂലി നൽകി കേസ് ഒതുക്കാൻ എളുപ്പമാണ്" -വിനോദിന്‍റെ സഹോദരി വ്യക്തമാക്കി.
ദലിത് യുവാവിന്‍റെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിനോദിന്‍റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും പരിക്കേറ്റ സഹോദരങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഹിസാർ മേഖലയിലെ ദലിതർ ജാതി അതിക്രമങ്ങൾ നേരിടുന്നത് ആദ്യമല്ലെന്ന് അഭിഭാഷകനായ സോംദത്ത് ശർമ പറയുന്നു. പ്രതികൾ ആരാണെന്ന് പൊലീസിന് നന്നായി അറിയാമെങ്കിലും നടപടി സ്വീകരിക്കുന്നതിലെ അനാസ്ഥയാണ് കുടുംബത്തിന്‍റെ പ്രതിഷേധത്തിന് വഴിവെച്ചതെന്നും സോംദത്ത് ശർമ ചൂണ്ടിക്കാട്ടുന്നു.
ഹിസാറിലെ മിർക്കാൻ ഗ്രാമത്തിൽ മുപ്പതോളം ദലിത് കുടുംബങ്ങളാണ് താമസിക്കുന്നുണ്ട്. പ്രദേശത്തെ ഉന്നത ജാതിയിൽപ്പെട്ടവർ വലിയ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ശേഷിയുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.